യുവതിയെ പീഡിപ്പിച്ച കേസ്: കോഴിക്കോട് എആര്‍ ക്യാംപിലെ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 
യുവതിയെ പീഡിപ്പിച്ച കേസ്: കോഴിക്കോട് എആര്‍ ക്യാംപിലെ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എആര്‍ ക്യാമ്പ് എസ്‌ഐ ജിഎസ് അനിലിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പയ്യോളി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍. 

കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. രണ്ട് വര്‍ഷം മുന്‍പ് പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 

പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അതിനിടെ, പരാതിക്കാരിയെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എസ്‌ഐയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പരാതിക്കാരിയെ അനിലിന്റെ രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എസ്.ഐക്കെതിരെ നല്‍കിയ മൊഴി മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി പോലീസിന് നല്‍കിയ പരാതിയിലുണ്ട്. 

2017 സെപ്റ്റംബര്‍ മുതല്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com