ബാങ്കുകളുടെ ലയനം കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാന്‍ ; ലയനത്തിനെതിരെ ബിഎംഎസും പ്രക്ഷോഭത്തിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st August 2019 02:55 PM |
Last Updated: 31st August 2019 02:55 PM | A+A A- |
തിരുവനന്തപുരം : പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച നടപടിക്കെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്തെത്തി. ബാങ്കുകളുടെ ലയനം കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണന്‍ ആരോപിച്ചു.
വേണ്ടത്ര പഠനം ഇല്ലാതെയാണ് ബാങ്കുകളുടെ ലയനം നടത്തിയത്. തീരുമാനം മുന്‍ അനുഭവങ്ങളില്‍ നിന്ന് വേണ്ടത്ര പാഠം പടിച്ചില്ലെന്ന് തെളിയിക്കുന്നു. കേന്ദ്രസര്‍ക്കാരിന് ലഭിച്ച ലയന ഉപദേശം തെറ്റാണെന്നും സജി നാരായണന്‍ പറഞ്ഞു.
ബാങ്കുകളുടെ ലയന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലയനത്തിനെതിരായ പ്രക്ഷോഭത്തില്‍ ബിഎംഎസും പങ്കെടുക്കുമെന്നും സജി നാരായണന്‍ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ജീവനക്കാര്‍ ഇന്ന് പ്രതിഷേധിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു