മത വിശ്വാസത്തിനെതിരെ നിലപാടെടുത്തതിന് ബന്ധുക്കളില്‍ നിന്ന് വധ ഭീഷണിയെന്ന് യുവതി; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st August 2019 05:30 AM |
Last Updated: 31st August 2019 05:30 AM | A+A A- |
മലപ്പുറം: മത വിശ്വാസത്തിനെതിരെ നിലപാടെടുത്തതിന് ബന്ധുക്കളില്‍ നിന്ന് വധ ഭീഷണിയെന്ന് യുവതി. പെരിന്തല്‍മണ്ണ സ്വദേശിനിയായ സികെ ഷെറീന എന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് ഷെറീന പറയുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെ അന്യ മതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തില്‍ വാര്‍ത്ത വന്നു. ഇനി ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകള്‍ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു.
എന്നാല്‍ ആരും മര്‍ദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷെറീനയുടെ പിതാവ് പറയുന്നു. സഹോദരങ്ങള്‍ മര്‍ദ്ദിക്കുന്നു എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതിലടക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. താനാണ് മകള്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനില്‍ വന്നതെന്നും അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും പിതാവ് പറഞ്ഞു.
സഹോദരങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.