485 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട്: മലയാളി യുവാവിനെ കൂട്ടുകാര്‍ മര്‍ദിച്ച് കൊന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 31st August 2019 08:53 PM |
Last Updated: 31st August 2019 08:53 PM | A+A A- |

ഡെറാഡൂണ്‍: 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ്. മലപ്പുറം വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറാണ് (24) ഡെറാഡൂണില്‍ വെച്ച് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികള്‍ സ്ഥലം വിടുകയായിരുന്നു.
ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മലയാളികളായ പത്തു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷി പറഞ്ഞു. കൊല്ലപ്പെട്ടതിന് ശേഷം ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചു പേരെ ഡെറാഡൂണ്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്.
മലപ്പുറം സ്വദേശികളായ ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂണ്‍, അരവിന്ദ്.സി, അന്‍സിഫ് അലി എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നാലു പേര്‍ ഷുക്കൂറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നവരും ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളുമായിരുന്നു.
രണ്ടു വര്‍ഷമായി ബിറ്റ്‌കോയിന്‍ വ്യാപാരത്തില്‍ പങ്കെടുത്തിരുന്ന അബ്ദുള്‍ ഷുക്കൂറുമായുള്ള ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.