'എംജി റോഡിനെ ശ്യാമപ്രസാദ് റോഡ് എന്നോ വാജ്‌പേയ് മാര്‍ഗ് എന്നോ മാറ്റിയാലോ?' ; വിജെടി ഹാളിന്റെ പേരുമാറ്റത്തില്‍ ചര്‍ച്ച കൊഴുക്കുന്നു

'എംജി റോഡിനെ ശ്യാമപ്രസാദ് റോഡ് എന്നോ വാജ്‌പേയ് മാര്‍ഗ് എന്നോ മാറ്റിയാലോ?' ; വിജെടി ഹാളിന്റെ പേരുമാറ്റത്തില്‍ ചര്‍ച്ച കൊഴുക്കുന്നു
'എംജി റോഡിനെ ശ്യാമപ്രസാദ് റോഡ് എന്നോ വാജ്‌പേയ് മാര്‍ഗ് എന്നോ മാറ്റിയാലോ?' ; വിജെടി ഹാളിന്റെ പേരുമാറ്റത്തില്‍ ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: തിരുവനന്തപുരത്തെ വിജെടി ഹാളിനെ അയ്യങ്കാളിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സാംസ്‌കാരിക രംഗത്ത് പുതിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കുന്നു. വിജെടി ഹാളിനെ അയ്യങ്കാളി ഹാളാക്കേണ്ടതുണ്ടോയെന്നാണ് ഒരു വിഭാഗം എഴുത്തുകാര്‍ ചോദിക്കുന്നത്. പേരുമാറ്റം തുടര്‍ക്കഥയാവുമ്പോള്‍ ചരിത്രം ഉഴുതുമറിക്കപ്പെടുമെന്നും പിന്നീടു വലിയ പ്രതിസന്ധികളില്‍ ചെന്നു നില്‍ക്കുമെന്നും എഴുത്തുകാരനായ എന്‍ഇ സുധീര്‍ പറയുന്നു. സുധീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെ എതിര്‍ത്തും അനുകൂലിച്ചും സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്. 

എന്‍ഇ സുധീര്‍ എഴുതിയ കുറിപ്പ്: 

വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാളാക്കേണ്ടതുണ്ടോ? അയ്യങ്കാളിയോടുള്ള എല്ലാ ആദരവോടും കൂടി പറയട്ടെ, അതൊരു തെറ്റായ കീഴ്‌വഴക്കവും ചരിത്രപരമായ അനാദരവുമാണ്. മേല്‍വിലാസങ്ങള്‍ വെറുതെയങ്ങനെ മാറ്റേണ്ടതില്ല. അയ്യങ്കാളിക്ക് അര്‍ഹിക്കുന്ന വലിയ ഓര്‍മ്മ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ്. 

കേരളത്തിന്റെ സാമൂഹിക പഠനത്തിനായി അയ്യങ്കാളിയുടെ പേരില്‍ ഒരു സാംസ്‌കാരിക ഗവേഷണ കേന്ദ്രം തുടങ്ങാവുന്നതാണ്. ഇന്ന് വി.ജെ.ടി. ഹാളിനെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊന്നാക്കി മാറ്റും. നാളെ വലതുപക്ഷക്കാര്‍ വന്ന് അതിനെ വെറൊന്നാക്കി മാറ്റും. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പല റോഡുകള്‍ക്കും ഈ ദുര്‍ഗതി വന്നു കഴിഞ്ഞു. തിരുവനന്തപുരത്തെ എം.ജി.റോഡിനെ ആരെങ്കിലും വരും കാലത്ത് ശ്യാമപ്രസാദ് റോഡെന്നോ വാജ്‌പേയ് മാര്‍ഗെന്നോ ആക്കി മാറ്റിയാലോ... ചരിത്രത്തെ ഇങ്ങനെ ഉഴുതുമറിക്കുമ്പോള്‍ അത് വലിയ പ്രതിസന്ധികളില്‍ ചെന്ന് മുട്ടി നില്‍ക്കാനിടയുണ്ട്. 

പേരു മാറ്റലിനെ നവോത്ഥാന പരിപാടിയായി കൊണ്ടാടേണ്ടതില്ല. കരുതലോടെ കാര്യങ്ങളെ നോക്കിക്കണ്ടില്ലെങ്കില്‍ അത് മറ്റ് പലര്‍ക്കും വഴിയൊരുക്കലാവും. ഭാവിയില്‍ നിശ്ശബ്ദരാവേണ്ട ഗതികേടും വന്നു ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com