തനിക്കെതിരെ നടന്നത് ആസൂത്രിത അക്രമം ;  തീരുമാനിച്ചത് യൂണിറ്റ് കമ്മിറ്റി ചേര്‍ന്നെന്ന് അഖില്‍

കോളേജില്‍ എസ് എഫ് ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്
തനിക്കെതിരെ നടന്നത് ആസൂത്രിത അക്രമം ;  തീരുമാനിച്ചത് യൂണിറ്റ് കമ്മിറ്റി ചേര്‍ന്നെന്ന് അഖില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഏകാധിപത്യമായിരുന്നുവെന്ന്, കുത്തേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി അഖില്‍. തനിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണ്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും അഖില്‍ വ്യക്തമാക്കി. സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കും സുഹൃത്തുക്കള്‍ക്കും എതിരെ അവര്‍ക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇത് കാരണം തങ്ങളെ അക്രമിക്കുകയായിരുന്നു. കോളേജില്‍ എസ് എഫ് ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. എസ് എഫ് ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണം.

ക്ലാസില്‍ ഇവര്‍ക്ക് ഇഷ്ടപ്പെടാത്ത തരത്തില്‍ ഇരിക്കുകയോ, പെരുമാറുകയോ ചെയ്താല്‍ ഇവര്‍ ചീത്ത വിളിക്കും. ആണ്‍കുട്ടിയെന്നോ, പെണ്‍കുട്ടിയെന്നോ പോലും നോക്കാതെയാണ് ഭള്ള് വിളിക്കുക. ചോദ്യം ചെയ്യുന്നവരെ ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കും. പെണ്‍കുട്ടികളെ അടക്കം ഇടിമുറിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോളേജിലെ കുട്ടികള്‍ക്ക് ഇടിമുറി പേടിസ്വപ്‌നമാണെന്നും അഖില്‍ പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ്, എസ്എഫ്‌ഐയുടെയോ, സിപിഎമ്മിന്റെയോ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിച്ചിരുന്നത്. ശിവരഞ്ജിത്തും നസീമുമാണ് പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.  കോളജിലെ പ്രശ്‌നങ്ങളില്‍ സിപിഎം ഇടപെട്ടിരുന്നു. മുന്‍പ് സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചെന്നും അഖില്‍ പറഞ്ഞു. മുമ്പ് കോളേജില്‍ ബൈക്ക് വെച്ചതുമായി ബന്ധപ്പെട്ട് ഇവരില്‍ നിന്നും തനിക്ക് മര്‍ദനമേറ്റിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അടക്കം പരാതി നല്‍കിയിരുന്നു. ഇവരെ പ്രശ്‌നത്തില്‍ ഇടപെടുവിച്ചതും വൈരാഗ്യത്തിന് കാരണമായി. 

കോളേജിലെ വധശ്രമക്കേസില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. കോളേജിലെ സംഭവം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.കുത്തേറ്റ് ചികില്‍സയിലായിരുന്ന തനിക്ക് സിപിഎം എല്ലാ തരത്തിലുമുള്ള പിന്തുണയും നല്‍കി. കോളേജിലെ എസ് എഫ്‌ഐ ക്കാര്‍ നടത്തിയ അക്രമത്തെ കുറിച്ച് പാര്‍ട്ടിക്ക് അറിവുണ്ടായിരുന്നില്ല. താന്‍ ഇപ്പോഴും എസ്എഫ്‌ഐക്കാരന്‍ തന്നെയാണെന്നും അഖില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com