സുരേന്ദ്രനെ വെട്ടാന്‍ പുതിയ നീക്കം; ബിജെപിയില്‍ അധ്യക്ഷപദവിക്കായി തന്ത്രങ്ങളും മറു തന്ത്രങ്ങളും; രാഷ്ട്രീയ നീക്കങ്ങള്‍

കെ സുരേന്ദ്രനെ അധ്യക്ഷനാക്കാതിരിക്കാന്‍ വളഞ്ഞ വഴിക്കു നടത്തുന്ന നീക്കമാണ് ഇതെന്ന് ഇവര്‍
കെ സുരേന്ദ്രന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം (ഫയല്‍)
കെ സുരേന്ദ്രന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം (ഫയല്‍)

തിരുവനന്തപുരം: അംഗത്വ കാംപയ്ന്‍ അവസാനിച്ചു പുനസംഘടനയിലേക്കു കടക്കുന്ന സംസ്ഥാന ബിജെപിയില്‍ അധ്യക്ഷപദത്തിലെത്താന്‍ തന്ത്രങ്ങളും മറു തന്ത്രങ്ങളും മെനഞ്ഞ് ഗ്രൂപ്പുകള്‍. പി എസ് ശ്രീധരന്‍ പിള്ളയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കുകയാണ്. പകരം കെ സുരേന്ദ്രന്‍ പ്രസിഡന്റാവുമെന്നാണ് വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം കരുതുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യത ശക്തമാവുന്നതിനിടെ എതിര്‍ വിഭാഗത്തിലുള്ളവര്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പിന്തുണയ്ക്കുന്നവര്‍ എന്ന പേരില്‍ മുന്‍കാല എബിവിപി നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നത് ഇതിന്റെ ഭാഗമാണെന്നാണ് ഇവരുടെ പക്ഷം. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്നാണ് ഇവരുടെ ആവശ്യം. ബിജെപിയുടെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ മുന്‍ എബിവിപി സംസ്ഥാന നേതാവാണ് കൊച്ചി യോഗത്തിനു ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടി പുനസ്സംഘടനയില്‍ പദവി നേടി തിരിച്ചുവരാനാണ് ഈ നേതാവിന്റെ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി എതിര്‍വിഭാഗം രംഗത്തുണ്ട്. 

യഥാര്‍ത്ഥത്തില്‍ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനാണ് കൊച്ചിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് എന്നാണ് എതിര്‍ വിഭാഗം പറയുന്നു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാതിരിക്കാന്‍ വളഞ്ഞ വഴിക്കു നടത്തുന്ന നീക്കമാണ് ഇതെന്ന് ഇവര്‍ പറയുന്നു. ഇങ്ങനെയൊരു കൂട്ടായ്മയെയോ യോഗത്തെയോ മുരളീധരനും സുരേന്ദ്രനും പിന്തുണയ്ക്കുന്നുമില്ല. ഇത് മനസ്സിലാക്കിയാണ് എബിവിപി ദേശീയ സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ അംബേദ്കര്‍ ഈ യോഗത്തില്‍  നിന്നു വിട്ടു നിന്നതെന്നാണ് സൂചന. ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ അച്ചടക്ക നടപടിക്കും നീക്കമുണ്ട്.

അതേസമയം, ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തു പരാജയമാണ് എന്ന വാദത്തില്‍ ഈ രണ്ടു വിഭാഗങ്ങളും യോജിപ്പിലാണ്. ഗ്രൂപ്പു പ്രവര്‍ത്തനം നിയന്ത്രിക്കാനും പാര്‍ട്ടിക്ക് വളരാനുള്ള സാഹചര്യം ഉപയോഗപ്പെടുത്താനും ശ്രീധരന്‍ പിള്ളയ്ക്കു കഴിയുന്നില്ലെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊള്ളുന്നവരെ തിരിച്ചറിയാന്‍ ശ്രീധരന്‍ പിള്ളയ്ക്കു കഴിയുന്നില്ല എന്നാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാനത്തെ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് തെരുവുയുദ്ധത്തിലേക്കു മാറുമെന്ന സംശയം മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ദേശീയ നേതൃത്വത്തെ സമീപിക്കാനാണു നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com