ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ, തല പോകിലല്ലോ?; നിയമം പഠിപ്പിക്കാന്‍ റോഡിലിറങ്ങി യതീഷ് ചന്ദ്ര

ഗതാഗത നിയമം കര്‍ശനമാക്കി നടപ്പാക്കുമ്പോള്‍ ജനം സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് യതീഷ് ചന്ദ്ര മടങ്ങിയത്
ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ, തല പോകിലല്ലോ?; നിയമം പഠിപ്പിക്കാന്‍ റോഡിലിറങ്ങി യതീഷ് ചന്ദ്ര

തൃശൂര്‍: സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ വന്‍ തുക പിഴയായി ഒടുക്കേണ്ടി വരും. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമഭേദഗതി. ഇത് പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ അധികൃതര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍ സിറ്റിയില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ് ചന്ദ്രയും റോഡില്‍ ഇറങ്ങി.

 ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട ചുമട്ടുതൊഴിലാളിയാണ് ആദ്യം യതീഷ് ചന്ദ്രയുടെ മുന്നില്‍പ്പെട്ടത്. ഹെല്‍മറ്റ് നിര്‍ബന്ധപൂര്‍വ്വം വയ്പിച്ച് യതീഷ് ചന്ദ്ര താക്കീത് നല്‍കി വിട്ടു. പിന്നാലെ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനും കിട്ടി ഉപദേശവും താക്കീതും. അടുത്ത ഊഴം മാരുതി 800 കാറില്‍ വന്ന കുടുംബത്തിനായിരുന്നു. നാലു പേര്‍ സഞ്ചരിക്കേണ്ട കാറില്‍ എട്ടു പേര്‍. യതീഷ് ചന്ദ്ര കാറിന് കൈകാട്ടിയതോടെ വണ്ടി നിര്‍ത്തി. 

കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി കമ്മീഷണറുടെ അടുത്തെത്തി. ' ഈ കാറില്‍ എത്ര പേര്‍ക്കു കയറാം? നിങ്ങള്‍ എത്ര പേരുണ്ട്?'' യതീഷ് ചന്ദ്ര ചോദിച്ചു.കമ്മിഷണര്‍ തന്നെ എണ്ണി . കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍. സെപ്തംബര്‍ ഒന്നു മുതല്‍ ഇങ്ങനെയുള്ള യാത്രകള്‍ക്ക് 2000 രൂപയാണ് പിഴ. ഗതാഗത നിയമത്തെക്കുറിച്ച് വിശദമായി പഠിപ്പിച്ച ശേഷം കുടുംബത്തെ പറഞ്ഞു വിട്ടു. 

ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്ന് ന്യായം പറയുന്നവരാണ് പലരും.' ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ, തല പോകിലല്ലോ ?' ഇവരോടായി യതീഷ് ചന്ദ്രയ്ക്ക് പറയാനുളള മറുപടി ഇതാണ്. ഗതാഗത നിയമം കര്‍ശനമാക്കി നടപ്പാക്കുമ്പോള്‍ ജനം സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് യതീഷ് ചന്ദ്ര മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com