ഇന്നുമുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; കര്‍ശന പരിശോധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 07:49 AM |
Last Updated: 01st December 2019 07:49 AM | A+A A- |

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യഘട്ടത്തില്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം.
ബോധവത്ക്കരണമായിരിക്കും ആദ്യ ഘട്ടത്തില്‍ നടത്തുക. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കും. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടയ്ക്കലില്‍ ഹെല്‍മറ്റ് വേട്ടക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം പരിശോധനകള്‍ പാടില്ലെന്ന് വിലക്കിയത്. റോഡില്‍ പെട്ടെന്ന് ചാടിവീണുള്ള വാഹനപരിശോധന പാടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്.