കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തുറന്നടിച്ച് പി സി ചാക്കോ

കോണ്‍ഗ്രസ് സംവിധാനം തളര്‍ന്നതിന് കാരണം രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയുമാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ
കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തുറന്നടിച്ച് പി സി ചാക്കോ

കൊച്ചി: കോണ്‍ഗ്രസ് സംവിധാനം തളര്‍ന്നതിന് കാരണം രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയുമാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റതിന് കാരണം വയനാട്ടില്‍ മത്സരിച്ചതാണെന്നും ഇടതുപക്ഷത്തിന് എതിരേയായിരുന്നില്ല മത്സരിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

കെപിസിസി പുനഃസംഘടന നീണ്ടുപോകുന്നതിന്റെ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, തങ്ങളുടെ ഇഷ്ടക്കാരെ അവര്‍ ലിസ്റ്റില്‍ തിരുകിക്കയറ്റുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആളുകളെ എടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ വേണമെന്ന് താനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരെ മാറ്റിനിര്‍ത്തണമെന്നും പലതവണ ഭാരവാഹിത്വം വഹിച്ചവരെ നീക്കണമെന്നും നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായില്ല. അവര്‍ തങ്ങളുടെ ഇഷ്ടക്കാരെ മുഴുവന്‍ തള്ളിക്കയറ്റിയപ്പോള്‍, ലിസ്റ്റ് ജമ്പോ ആയി മാറി.

അത് അംഗീകരിക്കാന്‍ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി തയ്യാറായില്ല. ലിസ്റ്റ് ചുരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക പോലും ചെയ്യാതെ അവര്‍ പുനഃസംഘടന നീട്ടിക്കൊണ്ടിരിക്കുകയാണ്. അവര്‍ സത്യത്തില്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണ്.

സംസ്ഥനാത്തെ പാര്‍ട്ടി സംവിധാനം തളര്‍ന്നിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി തോല്‍വികള്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടാക്കിയത്. അതിലും വലിയ തിരിച്ചടിയാണ് എറണാകുളത്ത് നിറംമങ്ങിയ ജയത്തിലൂടെ ഉണ്ടായത്. എറണാകുളത്ത് പാര്‍ട്ടി ഇല്ലാത്ത അവസ്ഥയാണ്. മണ്ഡലം കമ്മിറ്റികള്‍ എല്ലാം 'എ', 'ഐ' എന്ന പേരില്‍ വീതംവെച്ചിരിക്കുകമാത്രമാണ്. ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധി കേരളത്തില്‍നിന്ന് മത്സരിക്കരുതെന്നു തന്നെയായിരുന്നു എന്റെ അഭിപ്രായം. ഞാന്‍ അത് ഒരിക്കല്‍ രാഹുലിനോട് സൂചിപ്പിക്കുകയും ചെയ്തതാണ്. അമേഠിയില്‍ അദ്ദേഹത്തിന് പരാജയം ഏല്‍ക്കേണ്ടിവന്നത്, അദ്ദേഹം വയനാട് മത്സരിച്ചതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം മണ്ഡലം ഉപേക്ഷിച്ച് പോയെന്ന വികാരം ബിജെപി ആളിക്കത്തിച്ചു. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിന് എതിരേയായിരുന്നില്ല മത്സരിക്കേണ്ടിയിരുന്നത്.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com