ഇനി കേരളത്തിലെ ഒരുകുട്ടിയും ഈ സാഹചര്യം അനുഭവിക്കരുത്; ആ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കും: കെ കെ ശൈലജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 09:37 PM |
Last Updated: 02nd December 2019 09:37 PM | A+A A- |

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ വയ്യാതെ അമ്മ ശിശുക്ഷേമ സമിതിക്ക് നല്‍കിയ കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നടപ്പാക്കിയ തണല്‍ പദ്ധതിയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികള്‍ അനുഭവിക്കരുത്. നഗരസഭയോട് കൂടിയാലോചിച്ച് കുട്ടികളുടെ അമ്മക്ക് ജോലി നല്‍കുന്ന കാര്യം തീരുമാനിക്കും. നാല് കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ ശിശുക്ഷേമ സമിതി നോക്കും. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ അമ്മക്ക് നാളെ മുതല്‍ നഗരസഭയില്‍ ജോലി നല്‍കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. താത്കാലികാടിസ്ഥാനത്തിലാണ് ജോലി നല്‍കുന്നത്. ശിശുക്ഷേമ സമിതി ദത്തെടുത്ത കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കും. ഗരസഭയുടെ ഫഌറ്റിലേക്ക് കുടുംബത്തെ മാറ്റുമെന്നും മേയര്‍ അറിയിച്ചു. കൈതമുക്കിലെ പുറമ്പോക്കിലുള്ള ഇവരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മേയര്‍ ഇത് അറിയിച്ചത്.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പട്ടിണി സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്.
ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് ഇവരും ആറു കുട്ടികളും താമസിക്കുന്നത്. ഭര്‍ത്താവ് മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദിക്കാറുണ്ടെന്നും യുവതി ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.
തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.