കല്യാണത്തലേന്ന് പ്രതിശ്രുത വരന്റെ വിവാഹഫോട്ടോ വധുവിന്റെ വാട്സാപ്പിലെത്തി; അയച്ചത് ഭാര്യ; കള്ളിപൊളിഞ്ഞപ്പോൾ യുവാവ് മുങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 08:17 AM |
Last Updated: 02nd December 2019 08:17 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം; കല്യാണത്തലേന്ന് പ്രതിശ്രുത വരൻ വിവാഹിതനാണെന്ന് അറിഞ്ഞതോടെ സദ്യയൊരുക്കി കാത്തിരുന്ന കല്യാണം മുടങ്ങി. അർധരാത്രി വധുവിന്റെ വാട്സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. ഇയാളുടെ ഭാര്യ തന്നെയാണ് വിവാഹക്കാര്യം വധുവിനെ അറിയിച്ചത്. തുടർന്ന് ബൈക്കുമെടുത്ത് മുങ്ങിയ യുവാവിനെതിരേ പൊലീസ് കേസെടുത്തു
ഞായറാഴ്ച എലിക്കുളം ക്ഷേത്രഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്. എലിക്കുളം സ്വദേശിനിയാണ് വധു. എലിക്കുളം പഞ്ചായത്തിലെതന്നെ വഞ്ചിമല കൂനാനിക്കൽതാഴെ സനിലായിരുന്നു വരൻ. വരന്റെയും വധുവിന്റെയും വീടുകളിൽ ശനിയാഴ്ച രാത്രിയും ആഘോഷങ്ങളുണ്ടായിരുന്നു. അതിനിടെ രാത്രി 11 മണിയോടെയാണ് വധുവിന്റെ ഫോണിലേക്ക് പെരിന്തൽമണ്ണ സ്വദേശിനിയുടെ ഫോണിൽനിന്ന് വിളി വന്നത്.
അവരുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും പെരിന്തൽമണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് സ്വകാര്യ സ്‌കൂളിൽ അധ്യാപകരാണ്. ഇരുവരും 13 വർഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമാണ് പറഞ്ഞത്. വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്ന് സനിൽ പ്രതിശ്രുതവധുവിന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വിശ്വസിച്ചില്ല. പിന്നീട് വിവാഹഫോട്ടോ വാട്‌സാപ്പിൽ കിട്ടിയപ്പോഴും വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിന് വധു ഈ ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടിയപ്പോൾ ഇയാൾ പ്രതികരിച്ചില്ല. ഫോണെടുക്കാതായതോടെ സംഭവം സത്യമാണെന്ന് സംശയമുയർന്നു. പുലർച്ചെ ഇയാൾ ബൈക്കിൽ വീട്ടിൽനിന്ന് യാത്രയാവുകയും ചെയ്തു.
ഇരുകൂട്ടരുടെയും ബന്ധുക്കൾ പരസ്പരം അറിയുന്നവരാണ്. നേരം പുലർന്നപ്പോൾ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും ചോറൊഴികെ സദ്യവട്ടങ്ങളെല്ലാം കാലമായി. ബന്ധുക്കൾ പലരും വിവാഹത്തിൽ പങ്കെടുക്കാനെത്തി തുടങ്ങുകയും ചെയ്തു. തുടർന്ന് വധുവിന്റെ വീട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി. വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം മറച്ചുവെച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് സനിലിന്റെ പേരിൽ കേസെടുത്തു. സനിലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കളും പൊൻകുന്നം പോലീസിൽ പരാതി നൽകി. സനിലിന്റെ മുൻവിവാഹത്തിന്റെ കാര്യം അറിയില്ലെന്ന് ബന്ധുക്കളും പറഞ്ഞു.
13 വർഷമായി ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് സനിലും പെരിന്തൽമണ്ണ സ്വദേശിനിയും കഴിഞ്ഞയാഴ്ച വിവാഹിതരായത്. ചേർത്തലയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി വിവാഹിതരായത്. ഈ ബന്ധം വീട്ടിലറിയിച്ചിട്ടില്ലെന്ന് സനിൽ യുവതിയോട് പറഞ്ഞിരുന്നു.അവർ വേറെ വിവാഹം നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് സനിൽ പറഞ്ഞപ്പോഴാണ് യുവതിയുടെ വീട്ടുകാർ ഇടപെട്ട് ചേർത്തലയിൽ വിവാഹം നടത്തിയത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹക്കാര്യം ഇവർ അറിയാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചിരുന്നു. സഹപ്രവർത്തകരെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നുമില്ല.