ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല; ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വഞ്ചിയൂര്‍ കോടതിയിലേക്ക് 

ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല; ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വഞ്ചിയൂര്‍ കോടതിയിലേക്ക് 

പരാതി അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോവേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ബാര്‍ കൗണ്‍സില്‍ ഭാരവാഹികളെ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞു വച്ച സംഭവത്തെത്തുടര്‍ന്ന്, അഭിഭാഷകരും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരം തേടി ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നാളെ വഞ്ചിയൂര്‍ കോടതിയിലെത്തി അഭിഭാഷകരുമായി സംസാരിക്കും.

വാഹനാപകട കേസിലെ പ്രതിക്കു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഇതിനെത്തുടര്‍ന്ന് അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറിലേക്ക് എത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി എത്തിയ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തിയാണ് മജിസ്‌ട്രേറ്റ് ദീപാ മോഹനനെ മോചിപ്പിച്ചത്.

സംഭവത്തില്‍ മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തു പരിഗണിച്ച് ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമങ്ങളുമായി ബാര്‍ കൗണ്‍സില്‍ തന്നെ രംഗത്തുവന്നത്.

അഭിഭാഷകരും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ ജനങ്ങളാണ് ബുദ്ധിമുട്ടുകയെന്നും ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ആയിരുന്നു ചീഫ് ജസ്റ്റിസും ഹൈക്കോടതിയിലെ മറ്റു മുതിര്‍ന്ന ജഡ്ജിമാരുമായുമുള്ള ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് സൂചന. പരാതി അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോവേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ബാര്‍ കൗണ്‍സില്‍ ഭാരവാഹികളെ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നാളെ തിരുവനന്തപുരത്ത് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അഭിഭാഷകരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസിനു റിപ്പോര്‍ട്ടു നല്‍കുമെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com