പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപാതകം ; ജയിലില്‍ നിന്നിറങ്ങി 15 മാസത്തിനിടെ 60 കവര്‍ച്ച ; ഒടുവില്‍ പൊലീസ് വലയില്‍

കേരളത്തിലെ വിവിധ ജില്ലകളിലായി 60 കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയതായി പൊലീസ് അറിയിച്ചു
പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപാതകം ; ജയിലില്‍ നിന്നിറങ്ങി 15 മാസത്തിനിടെ 60 കവര്‍ച്ച ; ഒടുവില്‍ പൊലീസ് വലയില്‍

തൃശൂര്‍ : പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് ഭാര്യാപിതാവ് അടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ (54) ആണ് അറസ്റ്റിലായത്. കവര്‍ച്ചാശ്രമങ്ങള്‍ക്കിടെയാണ് ഇയാള്‍ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി 60 കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയതായി പൊലീസ് അറിയിച്ചു. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങി 15 മാസത്തിനകമാണ് 60 മോഷണക്കേസുകളും ഇയാള്‍ നടത്തിയത്.

വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് തൃശൂര്‍ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു ഇയാളുടെ രീതി. സയനൈഡ് കൊലക്കേസില്‍ 2002ലാണ് ശരവണന്‍ പൊലീസ് പിടിയിലായത്. രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ പാലക്കാട്ടു മാത്രം ഇയാള്‍ 15 തവണ മോഷണം നടത്തി.എന്നാല്‍, തെളിവുകളൊന്നും ലഭിക്കാതിരുന്നതോടെ കൂടുതല്‍ കേസുകളില്‍ പ്രതിയായില്ല. ജീവപര്യന്തം ശിക്ഷയ്‌ക്കൊടുവില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മോചിതനായി.

പിന്നീട് 15 മാസത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തി.മുടിക്കോട്, പേരാമംഗലം, വിയ്യൂര്‍, മണ്ണാര്‍ക്കാട് കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലായി 15 ക്ഷേത്രമോഷണങ്ങള്‍ നടത്തി. പാലക്കാട്ടും തൃശൂരിലുമായി കടകളിലും സ്‌കൂളുകളിലും പലവട്ടം മോഷണം നടത്തി.കുന്നംകുളത്തെ മൊബൈല്‍ കടയില്‍ നിന്ന് ഒന്നരലക്ഷം കവര്‍ന്നു. തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീര്‍ക്കാനായിരുന്നു സ്വര്‍ണപ്പണിക്കാരനായ ശരവണന്‍ പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്‍കി. ഭാര്യാപിതാവും പതിമൂന്നുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ആദ്യമൊന്നും ശരവണനെ പൊലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍, പ്രതി നാടുവിട്ടുപോയതോടെ സംശയം ഉടലെടുത്തു. എട്ടു മാസത്തിനു ശേഷം ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com