മജിസ്‌ട്രേറ്റിന്റെ കാപ്പിക്ക് കടുപ്പം കൂടി, കുടിക്കാതെ നിലത്തൊഴിച്ചു; പൈസ കൂട്ടിവാങ്ങി പെട്ടിക്കടക്കാരന്‍; പൊലീസ് പൊക്കി

കാപ്പിക്ക് വില കൂട്ടിയതും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തത്
മജിസ്‌ട്രേറ്റിന്റെ കാപ്പിക്ക് കടുപ്പം കൂടി, കുടിക്കാതെ നിലത്തൊഴിച്ചു; പൈസ കൂട്ടിവാങ്ങി പെട്ടിക്കടക്കാരന്‍; പൊലീസ് പൊക്കി

തൊടുപുഴ; കാപ്പി കുടിക്കാന്‍ എത്തിയ മജിസ്‌ട്രേറ്റിനോട് അപമര്യാദയായി പെരുമാറുകയും കാപ്പിക്ക് പൈസ കൂട്ടി വാങ്ങുകയും ചെയ്ത പെട്ടിക്കടക്കാരനെതിരേ കേസ്. തൊടുപുഴ നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പെട്ടിക്കട നടത്തുന്നയാള്‍ക്കെതിരേയാണ് നടപടി. കാപ്പിക്ക് വില കൂട്ടിയതും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തത്. 

ശനിയാഴ്ച പുലര്‍ച്ചെ നഗരത്തില്‍ നടക്കാന്‍ ഇറങ്ങിയ മജിസ്‌ട്രേറ്റ് കടയിലെത്തി കാപ്പി ആവശ്യപ്പെടുകയായിരുന്നു. കാപ്പിക്ക് കടുപ്പം കൂടിയതോടെ കാപ്പി കുടിക്കാതെ മജിസ്‌ട്രേറ്റ് നിലത്തൊഴിച്ചു. തുടര്‍ന്ന് 20 രൂപ നല്‍കി. 5 രൂപയാണ് ഇതിന് ബാക്കി നല്‍കിയത്. കാപ്പിക്ക് എല്ലായിടത്തും 10 രൂപയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഈ കടയില്‍ കാപ്പിക്ക് 15 രൂപയാണ് എന്നായിരുന്നു മറുപടി. 

മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞിട്ടും കൂട്ടിവാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കടക്കാരന്‍ തയാറായില്ല. ഉടനെ പൊലീസ് എസ്‌ഐയെ വിളിച്ച മജിസ്‌ട്രേറ്റ് തന്നോട് അപമര്യാദയായി പെരുമാറിയ കടക്കാരന് എതിരേ കേസ് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി കടക്കാരനെ സ്റ്റേഷനില്‍ എത്തിച്ച് പെറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ മജിസ്‌ട്രേറ്റ് തന്നോട് മോശമായി സംസാരിച്ചു എന്നാണ് കടക്കാരന്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com