ഹെൽമറ്റ് പരിശോധന ഇന്നുമുതൽ കനക്കും; രണ്ടുപേർക്കും ഹെൽമറ്റില്ലെങ്കിൽ ഇരട്ടിപ്പിഴ 

സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ ഭാ​ഗമായി ഇന്നുമുതൽ മോട്ടർവാഹന വകുപ്പും പൊലീസും പരിശോധന കർശനമാക്കുന്നു. ഇന്നലെ പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിടുകയായിരുന്നു. എന്നാൽ ഇന്നു മുതൽ നടപടി ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു

ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്കെതിരെ ഇന്നലെയും 500 രൂപ പിഴ ഈടാക്കി. ഇന്നുമുതൽ ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു രണ്ട് നിയമലംഘനമായി കണക്കാക്കുമെന്നും വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുകയെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

500 രൂപയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. 

നാല് വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്നാണ് നിർദേശം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാറിൽ പിൻസീറ്റിലടക്കം സീറ്റ് ബൽറ്റ് ധരിക്കണമെന്നും നിർദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com