ജനലില്‍ തൊടുമ്പോള്‍ തരിപ്പ്, കുട്ടികളുടെ പരാതി കാര്യമാക്കിയില്ല, പിടിഎ ഉപാധ്യക്ഷന് ഷോക്കേറ്റു; സമയോചിതമായി ഇടപെട്ട് രക്ഷിതാക്കള്‍, ദുരന്തം ഒഴിവായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 12:06 PM |
Last Updated: 03rd December 2019 12:06 PM | A+A A- |

പാലക്കാട്: സ്‌കൂള്‍ കെട്ടിടം മുഴുവന്‍ വൈദ്യുതി പ്രവഹിക്കുന്നത് അറിഞ്ഞ് രക്ഷിതാക്കള്‍ സമയോചിതമായി ഇടപെട്ടത് വഴി വന്‍ ദുരന്തം ഒഴിവായി.
എടത്തറ ഗവ. യുപി സ്‌കൂളില്‍ നാലു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായത്. സ്‌കൂളിലെ മോട്ടോറിലേക്കുള്ള വയര്‍ കഴുക്കോലില്‍ ചുറ്റിയെടുത്തത് ഉരുകിയതാണു വൈദ്യുതി പ്രവഹിക്കാനുണ്ടായ കാരണമെന്നാണു കരുതുന്നത്.
ജനലില്‍ തൊടുമ്പോള്‍ കൈ തരിക്കുന്നതായി 10 ദിവസം മുന്‍പു വിദ്യാര്‍ഥികള്‍ അധ്യാപകരോടു പറഞ്ഞെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ല. ഞായറാഴ്ച യുവജന ക്ഷേമബോര്‍ഡും അഞ്ചാംമൈല്‍ സ്മാര്‍ട് ക്ലബും ചേര്‍ന്നു ശുചീകരണം നടത്തുന്നതിനിടെ പിടിഎ ഉപാധ്യക്ഷന്‍ ഇസ്മയിലിനു ഷോക്കേറ്റതോടെയാണു സംഭവത്തിന്റെ ഗൗരവം സ്‌കൂള്‍ അധികൃതര്‍ മനസ്സിലാക്കിയത്.
ഇന്നലെ രാവിലെത്തന്നെ കെഎസ്ഇബി ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഏറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ കഴുക്കോലും പട്ടികയും ഇരുമ്പു കൊണ്ടാണു നിര്‍മിച്ചിട്ടുള്ളത്. കുട്ടികള്‍ കഴുക്കോലില്‍ കൈകൊണ്ടു തൂങ്ങിക്കളിക്കുക പതിവാണ്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ കെട്ടിടത്തിനടുത്തേക്കു പോകാന്‍ അനുവദിച്ചിരുന്നില്ല. അധ്യാപകരെത്തി ക്ലാസുകള്‍ മാറ്റി. അറ്റകുറ്റപ്പണി ആരംഭിച്ചു.