വീടുകളിൽ വൈൻ ഉണ്ടാക്കേണ്ട; കുടുങ്ങിയാൽ ജാമ്യമില്ലാ കുറ്റം; മുന്നറിയിപ്പുമായി എക്സൈസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 10:14 AM |
Last Updated: 03rd December 2019 10:14 AM | A+A A- |
തിരുവനന്തപുരം: ക്രിസ്മസ് സമയത്ത് വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ്. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പുമായാണ് എക്സൈസ് രംഗത്തെത്തിയത്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി.
വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. ഹോം മെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.
സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം 40 ലിറ്റര്‍ എക്സൈസ് പിടികൂടി. വീട്ടിലെ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യ നിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കൂടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.
ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാ തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവര ശേഖരണത്തിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്.