സര്‍ക്കാര്‍ ഓഹരി 35% മാത്രമെന്ന് കിയാല്‍; സിഎജി ഓഡിറ്റിന് ഹൈക്കോടതി സ്‌റ്റേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 11:53 AM |
Last Updated: 03rd December 2019 11:53 AM | A+A A- |

കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) വരവു ചെലവു കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) പരിശോധനയ്ക്കു വിധേയമാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സിഎജി ഓഡിറ്റിങ് വേണമന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ കിയാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കിയാലില്‍ സിഎജി ഓഡിറ്റിങ് അനുവദിക്കാത്തിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ്, ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് അയച്ചത്. കിയാലും സിയാലും ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കിയാലില്‍ അറുപത്തിമൂന്നു ശതമാനത്തോളം സര്‍ക്കാര്‍ ഓഹരിയാണെന്ന് കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ 35 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഓഹരിയെന്നും അതുകൊണ്ടുതന്നെ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നുമാണ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
സിഎജി ഓഡിറ്റിങ് തടയരുതെന്ന് നിര്‍ദേശിച്ച് കേന്ദ്രകമ്പനികാര്യ മന്ത്രാലയമാണ് കിയാല്‍ മാനേജിങ് ഡയറക്ടര്‍ക്കു കത്തയച്ചത്. സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്നും ഓഡിറ്റ് തടസ്സപ്പെടുത്തിയതിനു കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കമ്പനികാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനും കിയാലിനും മുന്നറിയിപ്പു നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാല്‍ കിയാല്‍ സര്‍ക്കാര്‍ കമ്പനിക്കു തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്ക് ആണെന്നും കത്തില്‍ പറയുന്നു.