ഒടുവില്‍ കാരുണ്യത്തിന്റെ കരം, ആ അമ്മയ്ക്ക് 650 രൂപ ദിവസവേതനം, ശുചീകരണ വിഭാഗത്തില്‍ താല്‍ക്കാലിക ജോലി

കുടുംബത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും നഗരസഭ മുന്‍കൈയെടുക്കും
ഒടുവില്‍ കാരുണ്യത്തിന്റെ കരം, ആ അമ്മയ്ക്ക് 650 രൂപ ദിവസവേതനം, ശുചീകരണ വിഭാഗത്തില്‍ താല്‍ക്കാലിക ജോലി

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജോലി നല്‍കി. ശുചീകരണ വിഭാഗത്തില്‍ 650 രൂപ ദിവസവേതന നിരക്കിലാണ് ജോലി നല്‍കിയത്. ഇതിന്റെ ഉത്തരവ് മേയര്‍ കെ ശ്രീകുമാര്‍ മഹിളാമന്ദിരത്തിലെത്തി അമ്മയ്ക്ക് കൈമാറി.

ഈ കുടുംബത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും നഗരസഭ മുന്‍കൈയെടുക്കും. ഇവര്‍ക്ക് കോര്‍പ്പറേഷന്റെ പാര്‍പ്പിടസമുച്ചയത്തിലെ ഫ്‌ലാറ്റ് ഉടന്‍ നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ അറിയിച്ചു. പട്ടിണി രൂക്ഷമായതിനെത്തുടര്‍ന്ന് അമ്മ തന്റെ മുതിര്‍ന്ന നാലുകുട്ടികളെ ശിശുക്ഷേമസമിതിയില്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ചതോടെയാണ്, കുടുംബത്തിന്റെ ദൈന്യത പുറംലോകം അറിഞ്ഞത്.

പട്ടിണി മൂലം കുട്ടികള്‍ മണ്ണുതിന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മേയര്‍ ശ്രീകുമാര്‍ ഇവരുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അമ്മയ്ക്ക് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും, കുടുംബത്തിന് ഫ്‌ലാറ്റ് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇടപെട്ട മന്ത്രി കെ കെ ശൈലജ കുട്ടികളുടെ പഠനച്ചെലവും ഭക്ഷണവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരുടെ ഭര്‍ത്താവ് മദ്യപാനിയാണ്. തെങ്ങുകയറ്റ് തൊഴിലാളിയായ ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com