സ്വത്തിനായി മക്കള്‍ തമ്മില്‍ത്തല്ലി, പൊലീസ് കേസ്, മനംമടുത്ത് വൃദ്ധരായ അച്ഛനും അമ്മയും തൂങ്ങിമരിച്ചു

മക്കള്‍ തമ്മിലും, മക്കളും പിതാവും തമ്മിലും കുടുംബസ്വത്തിനെച്ചൊല്ലി കേസുകളുണ്ട്
സ്വത്തിനായി മക്കള്‍ തമ്മില്‍ത്തല്ലി, പൊലീസ് കേസ്, മനംമടുത്ത് വൃദ്ധരായ അച്ഛനും അമ്മയും തൂങ്ങിമരിച്ചു

തൃശൂര്‍ : വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിയം വില്ലേജ് ഓഫീസിന് സമീപം, തൊടിയില്‍ വീട്ടില്‍ വിശ്വംഭരന്‍ (93) ഭാര്യ കോമളവല്ലി (80) എന്നിവരെയാണ് കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളുടെ സ്വത്ത് സംബന്ധിച്ച കലഹത്തില്‍ മനംനൊന്താണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മകനും ഭാര്യയും പുറത്ത് പോയ സമയത്താണ് സംഭവം. അകത്തുനിന്ന് മുറി പൂട്ടിയിരുന്നതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വൃദ്ധദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. മക്കള്‍ തമ്മിലും, മക്കളും പിതാവും തമ്മിലും കുടുംബസ്വത്തിനെച്ചൊല്ലി കേസുകളുണ്ട്. 2014 മുതല്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കവും കേസുകളും നിലനില്‍ക്കുന്നതായി അന്തിക്കാട് പൊലീസ് പറഞ്ഞു. ഒരു മകന്‍ മണ്ണുത്തിയിലാണ് താമസം. മറ്റൊരു മകന്‍ വീട്ടില്‍ താമസിക്കുന്നുണ്ടെങ്കിലും, രണ്ട് ഭാഗങ്ങളിലായാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

37 സെന്റ് വീതം രണ്ട് മക്കള്‍ക്കും വിശ്വംഭരന്‍ നല്‍കിയിരുന്നു. കൂടാതെ കോള്‍നിലങ്ങളും കൃഷിയിടവും വിശ്വംഭരന്റെ പേരിലുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും, പരാതി കിട്ടിയാല്‍ വിശദമായ അന്വേ,ണം നടത്തുമെന്നും അന്തിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി കെ മനോജ്കുമാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com