അരവണയും അപ്പവും ഇനി പമ്പയിലും ലഭിക്കും; പുതിയ കൗണ്ടറുകളുമായി ദേവസ്വം ബോര്‍ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 08:04 PM |
Last Updated: 04th December 2019 08:04 PM | A+A A- |

ശബരിമല: ഇനി മുതല്‍ അയ്യപ്പ ഭക്തര്‍ക്ക് അരവണയും അപ്പവും പമ്പയിലും നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ മാസം 13 മുതല്‍ ഇതിനായി പമ്പയില്‍ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണിന് ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ഫോണ്‍ അനുവദിക്കാന്‍ അനുവദിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
സന്നിധാനത്ത് ആദ്യം മൊബൈല്‍ പിടിച്ചാല്‍ താക്കീത് നല്‍കും. എന്നാല്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും എന്‍ വാസു അറിയിച്ചു.സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഇത്തവണ കനത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാല പൂജയ്ക്കു നട തുറന്ന ശേഷം ഇതുവരെ 7,71,288 പേരാണ് ദര്‍ശനത്തിന് എത്തിയത്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനം നടത്തി. സന്നിധാനത്ത് തിരക്ക് കൂടിയതോടെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്ക് ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തും.
നട തുറന്ന ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണയാണ് വിറ്റത്. ഒമ്പത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റുപോയി. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പാദിപ്പിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ 250ലധികം പേരാണ് വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. രണ്ട് ലക്ഷം പാക്കറ്റ് അപ്പവും തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പമാണ് തയ്യാറാക്കുന്നത്. ഒരു ടിന്‍ അരവണയ്ക്ക് 80 രൂപയും അപ്പത്തിന് 35 രൂപയുമാണ് വില.