എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 പൊലീസുകാര്‍ക്ക് സല്യൂട്ട് ശിക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 07:39 AM |
Last Updated: 04th December 2019 07:39 AM | A+A A- |
തിരുവനന്തപുരം: എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ 20 പൊലീസുകാര്‍ക്ക് ശിക്ഷാ പരിശീലനം. രാജ്ഭവന് മുന്‍പിലൂടെ കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 പൊലീസുകാര്‍ക്ക് മലപ്പുറം പാണ്ടിക്കാട്ട് പരിശീലനം കൊടുത്തത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് രാജ്ഭവന് മുന്‍പിലൂടെ കടന്നു പോയത്. എന്നാല്‍ ഈ സമയം സമരക്കാരെ തടയാന്‍ നിയോഗിച്ചിരുന്ന പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസുകാര്‍ എഡിജിപിയെ കണ്ടില്ല.
തൊട്ടുപിന്നാലെ തന്നെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ ഉന്നതര്‍ക്ക് പരാതി ലഭിച്ചു. പരാതി ലഭിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരേയും ഹാജരാക്കാന്‍ ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് നിര്‍ദേശം നല്‍കി. ഈ പൊലീസുകാരെ പേരൂര്‍ക്കട എസ്എപി ക്യാമ്പിലേക്ക് അടിയന്തരമായി വിളിപ്പിച്ചു.
തുടര്‍ന്ന് ഇവരെ ഡിഐജിക്ക് മുന്‍പില്‍ ഹാജരാക്കുകയും, ഇവരെ പാണ്ടിക്കാടുള്ള ആര്‍ആര്‍എഎഫ് ബറ്റാലിയനില്‍ 7 ദിവസത്തെ ശിക്ഷാ പരേഡിന് വിടുകയും ചെയ്തു. 17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരാണ് ഇവര്‍. ഡ്യൂട്ടിക്ക് ആളില്ലെന്ന പേരില്‍ ഇവര്‍ക്ക് 3 ദിവസത്തെ വിശ്രമം പോലും അനുവദിച്ചില്ല.