മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി രാജ്ഭവന്‍; സാങ്കേതിക സര്‍വകലാശാലയിലെ ഇടപെടലില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 07:57 AM |
Last Updated: 04th December 2019 07:59 AM | A+A A- |

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ്. സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിലാണ്. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നു. സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഗവര്‍ണറുടെ അനുമതി ഇല്ലാതെ മന്ത്രി പങ്കെടുത്തതും തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസുകള്‍ മൂന്നാം തവണയും മൂല്യനിര്‍ണയും നടത്തുന്നത് സര്‍വകലാശാലയുടെ ചട്ടങ്ങളിലില്ല. മന്ത്രി ഇടപെട്ടാണ് മൂന്നാമതും മൂല്യനിര്‍ണയം നടത്തിയത്. ഇത് അധികാര ദുര്‍വിനിയോഗമാണ്. അഞ്ചാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് പുനര്‍ മൂല്യനിര്‍ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് കണ്ടെത്തിയില്ല.
വീണ്ടും മൂല്യ നിര്‍ണയം നടത്തണം എന്ന വിദ്യാര്‍ഥിയുടെ ആവശ്യം സാങ്കേതിക സര്‍വകലാശാല തള്ളി. പിന്നാലെ വിദ്യാര്‍ഥി മന്ത്രിയെ സമീപിച്ചു. 2018 ഫെബ്രുവരി 28ന് മന്ത്രി പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ പ്രത്യേക അദാലത്തില്‍ വിദ്യാര്‍ഥിയുടെ പുനര്‍ മൂല്യ നിര്‍ണയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് മന്ത്രി ഇടപെട്ടത് എന്ന സര്‍വകലാശാല വിശദീകരണം ഗവര്‍ണര്‍ തള്ളി.