വാടക കാറിന്റെ പേരിലെ കൊലപാതകം; പ്രതികള്‍ കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 07:13 AM |
Last Updated: 04th December 2019 07:13 AM | A+A A- |
കൊച്ചി: വാടക കാറിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് എത്തിയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. അങ്കമാലിയില്‍ വെച്ചാണ് മൂന്ന് പേര്‍ പൊലീസില്‍ കീഴടങ്ങിയത്. ഞായറാഴ്ചയാണ് വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാറക്(24) കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 9.30ടെയായിരുന്നു കൊലപാതകം. മാഞ്ഞാലി എയര്‍പോര്‍ട്ട് റോഡില്‍ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ചായിരുന്നു മുബാറക്കിനെ കൊലപ്പെടുത്തിയത്. മാളയിലെ ഒരാളില്‍ നിന്നും റിയാസ് വാടകയ്ക്ക് എടുത്ത കാര്‍ കൃത്യസമയത്ത് തിരികെ നല്‍കിയില്ല. റിയാസ് അറിയാതെ ഈ കാര്‍ മുബാറക്ക് കാറിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ മുബാറക്കിലെ മാവിന്‍ചുവടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും മുബാറക്കിനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. മുബാറക്കിന്റെ നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുബാറക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്നതിന് പിന്നാലെ വെടിമറ, മാഞ്ഞാലി, മാവിന്‍ചുവട് മേഖലകളിലെ സുരക്ഷ ശക്തമാക്കി. മരിച്ച മുബാറക്കിന്റെ കുഞ്ഞിന് ആറ് മാസം മാത്രമാണ് പ്രായം.