തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐയുടെ ആത്മഹത്യ; എഎസ്‌ഐക്കും പൊലീസുകാര്‍ക്കും എതിരെ ആത്മഹത്യ കുറിപ്പ്

പൊലീസ് അക്കാദമിയിലെ എസ്‌ഐ സി കെ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  
തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐയുടെ ആത്മഹത്യ; എഎസ്‌ഐക്കും പൊലീസുകാര്‍ക്കും എതിരെ ആത്മഹത്യ കുറിപ്പ്

തൃശൂര്‍: പൊലീസ് അക്കാദമിയിലെ എസ്‌ഐ സി കെ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും അമിതമായ ജോലിഭാരവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കട്ടപ്പനയിലെ വീടിനുസമീപം വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് അനില്‍കുമാറിനെ  വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു എഎസ്‌ഐയും 3 പൊലീസ് ഉദ്യോഗസ്ഥരും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കാന്റീല്‍ നടത്തിപ്പിലെ ജോലി ഭാരവും മരണ കാരണമാണെന്നും അനില്‍കുമാറിന്റെ  ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ്  സൂചന. 

വര്‍ഷങ്ങളായി അക്കാദമിയില്‍ ജോലി ചെയ്യുന്ന അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് കാന്റീന്‍ നടത്തിയിരുന്നത്. ഈ ജോലി ഭാരം താങ്ങാനാവുന്നതില്‍ അധികമാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം.  മാനസികമായി ബുദ്ധിമുട്ടിക്കുന്ന എഎസ്‌ഐ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തില്‍ പറയുന്നു.

തൃശ്ശൂരില്‍ നിന്ന് ചൊവ്വാഴ്ച നാട്ടില്‍ എത്തിയ അനില്‍കുമാറിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മലാസിറ്റിക്കു സമീപത്തെ ആളൊഴിഞ്ഞ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യാ കാരണമെന്നായിരുന്നു ആദ്യവിവരം. കത്തിലെ വിവരങ്ങളെപ്പറ്റി അന്വേഷണം തുടങ്ങിയെന്ന്  പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com