കേരളത്തിലെ ജനസംഖ്യ 3.34 കോടി; മൊബൈൽ ഫോൺ കണക്‌ഷനുകൾ 4.41 കോടി!

ജനസംഖ്യയേക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്ഷനുകളാണ് കേരളത്തിലുള്ളത്
കേരളത്തിലെ ജനസംഖ്യ 3.34 കോടി; മൊബൈൽ ഫോൺ കണക്‌ഷനുകൾ 4.41 കോടി!

തിരുവനന്തപുരം: കേരളത്തിൽ ജനസംഖ്യയെക്കാൾ കൂടുതൽ മൊബൈൽ കണക്ഷനുകൾ. ജനസംഖ്യയേക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്ഷനുകളാണ് കേരളത്തിലുള്ളത്. ജനസംഖ്യ 3.34 കോടിയെങ്കിൽ കേരളത്തിലെ ആകെ മൊബൈൽ ഫോൺ കണക്‌ഷനുകൾ 4.41 കോടിയാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നു.

ജനസംഖ്യയെക്കാൾ ഫോൺ കണക്‌ഷനുള്ള 13 സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. 2015 ലാണ് കേരളം മൊബൈൽ കണക്‌ഷനിൽ ജനസംഖ്യയെ മറികടന്നത്. മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിലേതിനെക്കാൾ ഇരട്ടി കണക്‌ഷൻ നഗര മേഖലയിലാണ്. എന്നാൽ, കേരളത്തിൽ രണ്ടിടത്തും ഏതാണ്ട് ഒരുപോലെയാണ്. ഗ്രാമീണ മേഖലയിൽ 2.01 കോടി, നഗര മേഖലയിൽ 2.40 കോടി. മൊബൈൽ ഫോണിനൊപ്പം ലാൻഡ് ഫോൺ കണക്‌ഷനും ചേർത്തു കേരളത്തിലെ ആകെ വരിക്കാർ 4.60 കോടിയായി. 118.66 കോടി മൊബൈൽ ഫോൺ കണക്‌ഷനാണു രാജ്യത്താകെയുള്ളത്. 

ഏറ്റവുമധികം മൊബൈൽ ഫോൺ വരിക്കാരുള്ള സംസ്ഥാനം യുപിയാണ്: 15.92 കോടി. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും (12.81 കോടി) ബംഗാളും (8.15 കോടി). ഏറ്റവും പിന്നിൽ 7.5 ലക്ഷം കണക്‌ഷനുള്ള സിക്കിമാണ്. തമിഴ്നാട്ടിൽ 8.08 കോടിയും കർണാടകയിൽ 6.81 കോടിയും മൊബൈൽ വരിക്കാരുണ്ട്. 

വോഡഫോൺ  ഐഡിയക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 2.01 കോടി. ബിഎസ്എൻഎൽ (1.09 കോടി), റിലയൻസ് ജിയോ (77.77 ലക്ഷം), എയർടെൽ (52.16 ലക്ഷം), ടാറ്റ (1.54 ലക്ഷം), ആർകോം (498).

2016ൽ 3.48 കോടി വരിക്കാരാണ് കേരളത്തിലുണ്ടായിരുന്നത്. ഇത് 2017ൽ 3.97 കോടിയായും തൊട്ടടുത്ത വർഷം 4.29 കോടിയായും വരിക്കാരുടെ എണ്ണം ഉയർന്നു. ഈ വർഷം 4.41 കോടിയാണ് വരിക്കാരുടെ എണ്ണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com