കോടിയേരി അവധിക്കില്ല , താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; നിഷേധിച്ച് സിപിഎം

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടിയ്ക്ക് അവധി അപേക്ഷ നല്‍കിയെന്ന അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കോടിയേരി അവധിക്കില്ല , താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; നിഷേധിച്ച് സിപിഎം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം. ചികിത്സയ്ക്കു വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയ്ക്ക് അവധി അപേക്ഷ നല്‍കിയെന്ന അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാര്‍ട്ടിയ്ക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയത്. നവംബര്‍ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയില്‍ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്കു ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫിസില്‍ വന്നിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണിത്.

ആറു മാസത്തേക്കു കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കോടിയേരിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ഈ കാലയളവില്‍ വിശ്രമം അനിവാര്യമാണ്. ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇക്കാര്യങ്ങള്‍ പ്രായോഗികമല്ലെന്നാണ് കോടിയേരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു വരാനിരിക്കുന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ വിശ്രമമില്ലാത്ത ജോലിയായിരിക്കും സംസ്ഥാന സെക്രട്ടറി ചെയ്യേണ്ടിവരിക. ഈ സാഹചര്യം വിശദീകരിച്ചുകൊണ്ടാണ് കോടിയേരി കത്തു നല്‍കിയിട്ടുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com