സര്‍വകലാശാല അദാലത്തുകളില്‍ ചട്ടവിരുദ്ധ ഇടപെടൽ; മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ

സര്‍വകലാശാല അദാലത്തുകളില്‍ മന്ത്രി കെടി ജലീലിന്‍റെ ചട്ടവിരുദ്ധ ഇടപെടലിന്റെ കൂടുതല്‍ തെളിവുകൾ പുറത്ത്
സര്‍വകലാശാല അദാലത്തുകളില്‍ ചട്ടവിരുദ്ധ ഇടപെടൽ; മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ

കോട്ടയം: സര്‍വകലാശാല അദാലത്തുകളില്‍ മന്ത്രി കെടി ജലീലിന്‍റെ ചട്ടവിരുദ്ധ ഇടപെടലിന്റെ കൂടുതല്‍ തെളിവുകൾ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരവധി ഉത്തരവുകളിറക്കി. അദാലത്തിലെ തീരുമാനങ്ങളുടെ വിശദാംശങ്ങളും അന്നേ ദിവസം അറിയിക്കണമെന്നും നിര്‍ദേശിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണത്തെ അട്ടിമറിക്കുന്നതാണ് നിര്‍ദേശം. മന്ത്രിയുടെ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ല എന്ന് വൈസ് ചാൻസല‍ര്‍മാര്‍ ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളും പുറത്തു വന്നിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാൻ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗം സംശയം ജനിപ്പിക്കുന്നതാണ്. സംഘാടക സമിതി പരിശോധിച്ച് തീര്‍പ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രിക്ക് നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്. അദാലത്തുകളില്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ മന്ത്രിയുടെ ഇടപെടല്‍ എന്തിനെന്ന ചോദ്യമാണ് ദുരൂഹയുണര്‍ത്തുന്നത്.

സര്‍വകലാശാല ആക്ട് മൂന്നാം അധ്യായം പ്രകാരം പ്രോ ചാൻസലര്‍ അഥവാ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

ഇതെല്ലാം തെറ്റിച്ചാണ് മന്ത്രി അദാലത്തുകളില്‍ ഇടപെട്ടതെന്നാണ് പുറത്തു വന്ന രേഖകൾ വ്യക്തമാക്കുന്നത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടന്ന അദാലത്തുകളിലാണ് എംജിയിലും സാങ്കേതിക സര്‍വകലാശാലയിലും വിവാദമായ മാർക്ക് ദാനങ്ങൾ നടന്നത്. ഈ വിവാദങ്ങളൊക്കെ ഉണ്ടായപ്പോള്‍ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലകളില്‍ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വൈസ് ചാൻസലര്‍മാരോട് രേഖാമൂലം വിശദീകരണം ചോദിച്ചു.

ഭരണ കാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ല എന്നാണ് മിക്ക സര്‍വകലാശാലകളും മറുപടി നല്‍കിയത്. മന്ത്രിയുടെ ഇടപെടലിന് കൃത്യമായ രേഖകളുണ്ടായിട്ടും അതൊന്നും ഗവർണറെ അറിയിക്കാതെ സര്‍വകലാശാലകളും ഒത്തുകളികള്‍ക്കെല്ലാം കൂട്ടു നില്‍ക്കുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെടി ജലീലിനെ കടുത്ത സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ താക്കീത് നൽകിയിരുന്നു. സാങ്കേതിക സർവകലാശാല മാർക്ക് ദാന വിവാദത്തിൽ ഗവർണർ വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കാനിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com