കെമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിച്ചു; സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടെന്ന് മുന്‍ ജഡ്ജി

വാളയാര്‍ പീഡനക്കേസ്, മാവോയിസ്റ്റ് വേട്ടായാടല്‍ എന്നിവക്കെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തിലാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെമാല്‍ പാഷ 
കെമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിച്ചു; സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടെന്ന് മുന്‍ ജഡ്ജി

തിരുവനന്തപുരം: കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ  പൊലീസ് സുരക്ഷ പിന്‍വലിച്ചു. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെട്ട സമിതിയാണ് സുരക്ഷ പിന്‍വലിച്ചത്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു കെമാല്‍ പാഷയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.

സര്‍ക്കാരിനെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തന്റെ സുരക്ഷ പിന്‍വലിച്ചതെന്ന് കെമാല്‍ പാഷ പറഞ്ഞു. എന്തുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പിന്‍വലിച്ചതെന്ന് തന്നെ അറിയിച്ചിട്ടില്ല. നിലവില്‍ തനിക്ക് സുരക്ഷയുടെ ആവശ്യമില്ലെന്ന് സര്‍ക്കാരിന് തോന്നിയ സാഹചര്യത്തിലാവാം പിന്‍വലിച്ചതെന്നും കെമാല്‍ പാഷ പറഞ്ഞു.

പൊലീസ് അസോസിയേഷന് തന്നോട് അത്ര താത്പര്യമില്ല. വാളയാറിലെ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാതെ പോയതില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം നടത്തിയിരുന്നു. ആ വിമര്‍ശനം ഇനിയും തുടരും. കേസന്വേഷിച്ച ഡിവൈഎസ്പി പരസ്പരസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് പറഞ്ഞത് തന്നെ വേട്ടയാടിയിരുന്നു. ഇതിനെതിരെ ഞാന്‍ സംസാരിച്ചിരുന്നു. ഇത് ചിലപ്പോള്‍ സര്‍ക്കാരിനെ വേട്ടയാടിക്കാണും. കൂടാതെ പാലക്കാട് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെയും എതിര്‍ത്തിരുന്നു. ഇതാവാം സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെമാല്‍ പാഷ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com