കെഎഎസ് പരീക്ഷയ്ക്ക് 2200 കേന്ദ്രങ്ങള്‍ ;  ക്രമക്കേട് തടയാൻ നിരീക്ഷണ ക്യാമറ, പൊലീസ് സുരക്ഷ ; അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി ഏഴു മുതൽ

25,000 ഇന്‍വിജിലേറ്റര്‍മാർ വേണ്ടിവരും. ഇതിൽ പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനാണ് നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ക്രമക്കേട് തടയാൻ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തീരുമാനം.
മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിലും പൊലീസിനെ വിന്യസിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള്‍ വേണ്ടിവരുമെന്നാണ് പിഎസ് സിയുടെ കണക്കുകൂട്ടൽ. 25,000 ഇന്‍വിജിലേറ്റര്‍മാർ വേണ്ടിവരും. ഇതിൽ പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനാണ് നീക്കം. പരീക്ഷാകേന്ദ്രമായി വിദ്യാലയങ്ങള്‍ വിട്ടുനല്‍കാനും നടപടിയെടുക്കും. അഞ്ചേമുക്കാല്‍ ലക്ഷം പേരാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 -നാണ് നടക്കുക. നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയിൽ 5,47,543 പേരും സർക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാർക്കുള്ള രണ്ടാംധാരയിൽ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാർക്കുള്ള മൂന്നാംധാരയിൽ 1750 പേരുമാണ് അപേക്ഷ നൽകിയത്.

പരീക്ഷയെഴുതുമെന്ന് ഡിസംബർ 25-നകം അപേക്ഷകർ പ്രൊഫൈലിലൂടെ ഉറപ്പുനൽകണം. അല്ലാത്തവരുടെ അപേക്ഷകൾ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതൽ വെബ്‌സൈറ്റിൽ ലഭ്യമാക്കും. ഉറപ്പുനൽകിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവർക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവർക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പിഎസ് സി  അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com