ഹെല്‍മെറ്റില്ലാത്തതിന് കുടുങ്ങിയത് 5192 പേര്‍ ; ആറു ദിവസത്തിനിടെ പിഴ 36.34 ലക്ഷം രൂപ ; പിടിമുറുക്കി ഗതാഗത വകുപ്പ്

സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ കര്‍ശനമാക്കിയശേഷം കഴിഞ്ഞ ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. ശനിയാഴ്ച വരെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 5192 പേരെ പിടികൂടി. ഇതില്‍ 2586 പേര്‍ പിന്‍സീറ്റ് യാത്രക്കാരാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611 പേരും 500 രൂപ വീതം പിഴ നല്‍കി. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു.

മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. കേന്ദ്ര നിയമത്തില്‍ നിന്നും വ്യത്യസ്തമായി പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് ഗതാഗതവകുപ്പ്. ഇതു നിയമവിരുദ്ധമാണെന്നുള്ള അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനത്തിന്റെ നടപടിയെ ബാധിക്കില്ലെന്നാണ് നിഗമനം.

പിഴ സ്വീകരിച്ച് കുറ്റം തീര്‍പ്പുകല്‍പ്പിക്കാനുള്ള കോമ്പൗണ്ടിങ്ങ് അധികാരമാണ് സംസ്ഥാനം വിനിയോഗിച്ചത്. ഇതില്‍ തെറ്റില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.പിഴത്തുക കുറച്ച് വിജ്ഞാപനം ഇറക്കിയതിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍നിന്ന് പ്രത്യേകിച്ചു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com