'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്'; പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കെമാല്‍ പാഷ

സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങളായിരിക്കില്ല ഞാന്‍ പറഞ്ഞത്. ഇതൊക്കെ പ്രകോപിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, ഇതുകൊണ്ടൊന്നും ഞാന്‍ നിര്‍ത്തില്ല
'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്'; പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കെമാല്‍ പാഷ


കൊച്ചി: ആള്‍ക്കൂട്ട ആക്രമണങ്ങളിലെല്ലാം കൊല്ലപ്പെടുന്നത് ഒരു പ്രത്യേക വിഭാഗക്കാരാണെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. ഒരുപാടു കാര്യങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരായി വരികയാണ്. ഒരു പ്രത്യേക വിഭാഗത്തെ ഭീകരരെന്നു വിശേഷിപ്പിക്കാനായി കരുതിക്കൂട്ടിയുള്ള ശ്രമമുണ്ടാകുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു. ഒരാളൊരു പശുവിനെ നാട്ടിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് എന്താണു തെറ്റെന്നും അത് നമ്മുടെ അവകാശമല്ലേയെന്നും കെമാല്‍ പാഷ ചോദിക്കുന്നു. 

ഹൈദരാബാദ് സംഭവത്തില്‍ സാധാരണക്കാരന്റെ മനഃശാസ്ത്രമാണു പ്രകടമായത്. പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനോട് പ്രതിയെ എന്തു ചെയ്യണമെന്നു ചോദിച്ചാല്‍, വെടിവച്ചു കൊല്ലണമെന്നാകും പറയുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതി അതാണ്. എന്നാല്‍, അതൊരു പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യമാണു ഹൈദരാബാദില്‍ പൊലീസ് ചെയ്തത്. എന്നാല്‍, അതു യഥാര്‍ഥ നീതിയല്ല. നീതി നിയമാനുസൃതമായിരിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു. 

പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മര്‍ദമാണ് തന്റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണു മനസ്സിലാക്കുന്നത്. പൊലീസ് നല്ലതു ചെയ്താല്‍ അതു ഞാന്‍ പറയും. ഇല്ലെങ്കില്‍ അതും പറയും. കൂടത്തായി കൊലക്കേസ് നല്ല രീതിയിലാണു പൊലീസ് അന്വേഷിച്ചത്. പക്ഷേ, വാളയാര്‍ കേസു പോലെ മോശം അന്വേഷണം കണ്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായ രീതിയിലാണ് കേസിനെക്കുറിച്ചു പറഞ്ഞത്. അയാള്‍ വിവരമില്ലാത്തവനാണെന്നും അയാളെ സര്‍വീസില്‍ വച്ചുപുലര്‍ത്തരുതെന്നും ഞാന്‍ പറഞ്ഞു. അതില്‍ ഉറച്ചു നില്‍ക്കുന്നു. മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയതിനെയും വിമര്‍ശിച്ചു; അവരെ വെടിവച്ചു കൊല്ലാന്‍ നിയമത്തില്‍ പറയുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. 

സിനിമാ ലൊക്കേഷനുകളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നു നിര്‍മാതാക്കള്‍ പറഞ്ഞപ്പോള്‍, അതെക്കുറിച്ച് അന്വേഷിക്കാന്‍ പരാതിയും തെളിവും വേണമെന്നാണു സംസ്ഥാന മന്ത്രി പ്രതികരിച്ചത്. ഇത്ര ലാഘവത്തോടെയുള്ള പ്രതികരണം വിവരക്കേടാണെന്നു ഞാന്‍ പറഞ്ഞു. സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങളായിരിക്കില്ല ഞാന്‍ പറഞ്ഞത്. ഇതൊക്കെ പ്രകോപിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, ഇതുകൊണ്ടൊന്നും ഞാന്‍ നിര്‍ത്തില്ല. പറയാനുള്ളത് ഇനിയും പറയും. പൊതുജനത്തിന്റെ പിന്തുണ തനിക്കുണ്ട്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ തരാമെന്നു പോലും പലരും വിളിച്ചു പറഞ്ഞു. അതൊന്നും എനിക്കു വേണ്ട. ഇനി ദൂരയാത്രകള്‍ ഒഴിവാക്കേണ്ടി വരും. മറ്റു മാര്‍ഗമില്ല. പക്ഷേ, അതിന്റെ പേരില്‍ പ്രതികരിക്കരുതെന്നു പറഞ്ഞാല്‍ നടക്കില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കെമാല്‍ പാഷ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com