മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്ത സംഭവം;  മാപ്പ് പറഞ്ഞ് വഞ്ചിയൂർ ബാർ അസോസിയേഷൻ

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് വഞ്ചിയൂർ ബാർ അസോസിയേഷൻ
മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്ത സംഭവം;  മാപ്പ് പറഞ്ഞ് വഞ്ചിയൂർ ബാർ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് വഞ്ചിയൂർ ബാർ അസോസിയേഷൻ.
ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദീപ മോഹനന്റെ ജോലി തടസപ്പെടുത്തുകയും പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അസോസിയേഷന്റെ മാപ്പ് പറച്ചിൽ. മാപ്പ് പറഞ്ഞ് സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കി. മജിസ്ട്രേറ്റ് ദീപമോഹനെ ഫോണില്‍ വിളിച്ചും ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച് വാർത്താക്കുറിപ്പും അസോസിയേഷൻ ഇറക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്‍റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ കേസെടുത്തതോടെയാണ് മാപ്പ് പറച്ചില്‍.

സംഭവവുമായി ബന്ധപ്പെട്ട് 12 അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെപി ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കെതിരെയാണു കേസ്. മജിസ്ട്രേറ്റിനെ തടഞ്ഞു, ജോലി തടസപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങൾ.

അഭിഭാഷകർ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹനൻ അന്നു തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു (സിജെഎം) റിപ്പോർട്ട് നൽകിയിരുന്നു. സിജെഎമ്മിന്റെ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

2015 ലെ വാഹനാപകടക്കേസ് പ്രതിക്കു ജാമ്യം റദ്ദാക്കിയതാണ് ചില അഭിഭാഷകരെ പ്രകോപിപ്പിച്ചത്. അഭിഭാഷകർ പ്രതിഷേധിക്കുകയും കോടതി മുറിയും മജിസ്ട്രേറ്റിന്റെ ചേംബറും പൂട്ടാൻ ശ്രമിക്കുകയും ചെയ്തു. ചിലർ മുദ്രാവാക്യം വിളിച്ചു. പിന്നീടു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com