അപകടത്തിന് തലേന്ന് 'ആ നാദം നിലച്ചു' എന്ന് കുറിപ്പ് ; സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ; സത്യം തെളിയുമെന്ന് പ്രതീക്ഷയെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു
അപകടത്തിന് തലേന്ന് 'ആ നാദം നിലച്ചു' എന്ന് കുറിപ്പ് ; സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ; സത്യം തെളിയുമെന്ന് പ്രതീക്ഷയെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടതിനെ സ്വാഗതം ചെയ്ത് മാതാപിതാക്കള്‍. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു. അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നും, സത്യം തെളിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിചാരിക്കുന്നതെന്ന് പിതാവ് ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും പൂന്തോട്ടത്തില്‍കാരുമാണ് നടത്തിയിരുന്നത്. തങ്ങളെ അടുപ്പിച്ചിരുന്നില്ല. 20 ലക്ഷം രൂപ വിഷ്ണുവിന് നല്‍കിയതായി ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ ട്രൂപ്പ് മാനേജറും അടുത്ത സുഹൃത്തുമായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായിരുന്നു. ബാലഭാസ്‌കറിന്റെ ഏറ്റവും അടുത്ത ആളുകള്‍ 200 ലേറെ  തവണ വിദേശയാത്രകള്‍ നടത്തിയ കാര്യം സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വെളിപ്പെടുത്തിയിരുന്നു.

അപകടം ഉണ്ടായ വാഹനം ഓടിച്ചത് താനാണെന്ന് ഡ്രൈവര്‍ അര്‍ജുനും, അയാളുടെ പിതാവും തന്നോട് പറഞ്ഞിരുന്നു. പിന്നീടാണ് അര്‍ജുന്‍ മൊഴിമാറ്റുന്നത്. ഇതിന്റെ കാരണം അറിയില്ല. അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്പ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം. അങ്ങനെയാകാം അർജുന് മുട്ടിന് പരിക്കേറ്റതെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറയുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു എന്ന് അറിഞ്ഞിരുന്നു. ഇതും അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഉണ്ണി പറഞ്ഞു.

2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ഇതേത്തുടര്‍ന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com