കാറിന്റെ അമിത വേഗം നിര്‍ണ്ണയിക്കാനായില്ല ; ശ്രീറാമിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൈയൊഴിഞ്ഞ് വിദഗ്ധര്‍

കാര്‍ കമ്പനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കാറിന്റെ എഞ്ചിന്‍ സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല
കാറിന്റെ അമിത വേഗം നിര്‍ണ്ണയിക്കാനായില്ല ; ശ്രീറാമിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൈയൊഴിഞ്ഞ് വിദഗ്ധര്‍

തിരുവനന്തപുരം : സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, വാഹനത്തിന്റെ വേഗത പരിശോധിക്കാനുള്ള നീക്കം പാളി. സംഭവ സമയത്ത് കാറിന്റെ വേഗത പരിശോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാറിന്റെ ഈവന്റ് ഡാറ്റ റിക്കോര്‍ഡറില്‍ നിന്നും സ്പീഡ് കണ്ടെത്താനുള്ള നീക്കമാണ് പാളിയത്.

മദ്യപിച്ച് അമിത വേഗതയില്‍ ശ്രീറാം ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.  കാറിന്റെ അമിത വേഗത കണ്ടെത്താന്‍ പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് കാര്‍കമ്പനി, പൂനെയില്‍ നിന്നും ഡാറ്റ റിക്കവറി വിദഗ്ധരെ നിയോഗിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ കാര്‍ കമ്പനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കാറിന്റെ എഞ്ചിന്‍ സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ശ്രീറാമിന്റെ കാര്‍ പുറപ്പെട്ട കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. ഇതോടെ കാറിന്റെ വേഗത നിര്‍ണയിക്കുന്നതോടെ, ഇക്കാര്യത്തില്‍ ശക്തമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. നേരത്തെ അപകടമുണ്ടായതിന് തൊട്ടുപിന്നാലെ മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയിരുന്നു.

ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞിട്ടും, രക്തപരിശോധന ആവശ്യപ്പെടാതെ പൊലീസ് ഒളിച്ചു കളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് വിധേയനാകുകയും ചെയ്തു. സംഭവം വിവാദമായതോടെ, ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായത്. രക്തസാംപിലിലാകട്ടെ മദ്യത്തിന്റെ അംശം കണ്ടെത്താനുമായില്ല.

ഇതോടെയാണ് കാറിന്റെ അമിത വേഗത സംബന്ധിക്കുന്ന റിപ്പോര്‍ട്ടിനായി പൊലീസ് ശ്രമിച്ചത്. ആഗസ്റ്റ് മൂന്നിനാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ ശ്രീറാമിന്റെ വാഹനം ഇടിച്ച് മരിക്കുന്നത്. അമിത വേഗത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് കൂടി ലഭിക്കാതായതോടെ, ശ്രീറാമിന് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞതായി ആക്ഷേപം ശക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com