ക്ലാസ് നടക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 06:58 AM  |  

Last Updated: 10th December 2019 06:58 AM  |   A+A-   |  

school

 

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയിൽ ഫാൻ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ രോഹിത് വിനോദ് (11) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടർ ഭാ​ഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാൻ താഴേക്കു വീഴുകയായിരുന്നു. കുട്ടിയുടെ തലയിൽ 6 സ്റ്റിച്ചുകളുണ്ട്. തലയിൽ ഭാരം വീണതിനാൽ സിടി സ്കാൻ പരിശോധനയും നടത്തിയിരുന്നു.

രോഹിത്തിന്റെ അടുത്തിരുന്നിരുന്ന കുട്ടി ഫാൻ വീഴുന്നതിന് തൊട്ടുമുൻപ് അധ്യാപികയുടെ അടുത്തേക്കു പോയതിനാലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂന്ന് വർഷം മുൻപ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്നം മൂലം താഴെ വീണതെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു. 

വിദ്യാർഥിക്കൊപ്പം അധ്യാപകരും ആശുപത്രിയിൽ പോ‌യിരുന്നെന്നും കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവർ മടങ്ങിയതെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ പരാതിയില്ലെന്നു മാതാപിതാക്കൾ അറിയിച്ചു. പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി വിനോദിന്റെ മകനാണ് രോഹിത്.