ബില്‍ പാസാക്കിയത് സംഘപരിവാര്‍ മുഷ്‌ക് ഉപയോഗിച്ച്; ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതെന്ന് മുഖ്യമന്ത്രി

ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്നും പിണറായി
ബില്‍ പാസാക്കിയത് സംഘപരിവാര്‍ മുഷ്‌ക് ഉപയോഗിച്ച്; ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍ മുഷ്‌ക് പ്രയോഗിച്ച് സംഘപരിവാര്‍ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തന്നെ നിഷേധിക്കുന്നതാണത്. ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്നും പിണറായി പറഞ്ഞു.

വര്‍ഗീയതയും ജനങ്ങള്‍ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചു. മതനിരപേക്ഷതയ്ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇന്നത്തെ വാക്കുകളുടെ പൊരുള്‍. ഫാസിസ്റ്റ് വല്‍ക്കരണ നീക്കമാണ് കൃത്യമായി അരങ്ങേറുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടതുണ്ടെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണ് ഈ ദിനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. സാാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി പറഞ്ഞു.

അതേസമയം ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് മേല്‍ വര്‍ഗീയ ശക്തികളുടെ വിജയമാണിതെന്നും സോണിയ പ്രതികരിച്ചു. ബില്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

രാജ്യസഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന ഇന്ന് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com