'വടക്കു നിന്നെല്ലാം വരുന്ന പല ആളുകളുമുണ്ട്, അവർ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും, നമ്മൾ പാരയും പിടിക്കും'

ഇവിടെയുള്ള ഐഎഎസുകാരാണെങ്കിൽ നമ്മൾ കൈകാര്യം ചെയ്തു വിടുമായിരുന്നു
'വടക്കു നിന്നെല്ലാം വരുന്ന പല ആളുകളുമുണ്ട്, അവർ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും, നമ്മൾ പാരയും പിടിക്കും'

ഇടുക്കി: ഉത്തരേന്ത്യയിൽ നിന്നുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം എം മണി. വടക്കേ ഇന്ത്യയിൽ നിന്ന്  വരുന്ന ചില ഉദ്യോഗസ്ഥർ ജില്ലയിലെ ഭൂമിപ്രശ്നങ്ങളിൽ പാരവെച്ചെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പനയിൽ മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനച്ചടങ്ങിൽ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ വേദിയിലിരുത്തിയായിരുന്നു മന്ത്രി മണിയുടെ വിമർശനം.

മുൻ ജില്ലാ കളക്ടർ കൗശികനെതിരേയായിരുന്നു മണിയുടെ ആദ്യത്തെ വിമർശനം. ‘വടക്കു നിന്നെല്ലാം വരുന്ന പല ആളുകളുമുണ്ട്. അവർ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും. നമ്മൾ പാരയും പിടിക്കും. കൗശികൻ ഒപ്പിച്ച പണി കണ്ടോ. ഇവിടൊന്നും(പട്ടയം) കൊടുക്കാൻപാടില്ലെന്ന് പുള്ളി പറഞ്ഞു. നമ്മുടെ വായിൽ മണ്ണിടുന്ന പണിയാ. രണ്ടാമത് മാങ്കുളം പ്രോജക്ട്. അവിടെ പത്തുനൂറ് വർഷമായി ജീവിക്കുന്ന ആളുകളാ. പട്ടയഭൂമിക്ക്‌ നഷ്ടപരിഹാരം കൊടുത്താമതി, സർക്കാർഭൂമിക്ക് കൊടുക്കേെണ്ടന്ന് പറഞ്ഞു. ഇന്നേവരെ അവിടെ ഒന്നും നടന്നില്ല’.

തുടർന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനായിരുന്നു അടുത്ത വിമർശനം.

‘പുള്ളിക്കാരത്തി മുണ്ടക്കയംവഴി വന്ന് മൂന്നാർ, നേര്യമംഗലം ഇറങ്ങി പോയി. എന്നിട്ട് പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ നിർമാണം നിയന്ത്രിക്കണമെന്ന് ഒരു തീട്ടൂരമിറക്കി. ആ തീട്ടൂരവും വലിച്ചോണ്ട് നമ്മൾ ഇങ്ങനെ നടക്കുകയാ. ഇപ്പോഴത്തെ ജില്ലാ കളക്ടർ ഈ പ്രശ്നങ്ങൾക്ക് തീരുമാനമുണ്ടാക്കി നമ്മളെ ഒന്ന് സഹായിച്ചിട്ട് പോണമെന്നാണ് എനിക്ക് പറയാനുള്ളത്.

ചില ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മിഷന്റെ ആളുകളായിട്ട് ഇവിടെ വന്നു. അവർക്ക് കുളിക്കാൻ മിനറൽ വാട്ടർ വേണം. ഇവിടെയുള്ള ഐഎഎസുകാരാണെങ്കിൽ നമ്മൾ കൈകാര്യംചെയ്തുവിടുമായിരുന്നു’- മന്ത്രി എം.എം.മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com