പൗരത്വ നിയമം: സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം സംയുക്ത പ്രക്ഷോഭത്തിന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങി കേരളം
പൗരത്വ നിയമം: സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം സംയുക്ത പ്രക്ഷോഭത്തിന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങി കേരളം. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിയമത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും ഇതില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ നിലപാടാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍ സ്വീകരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. ഇതിന്റെ തുടര്‍ച്ചയായാണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ ആശയവിനിമയം നടത്തി.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നിയമമായി മാറി. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഈ നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും കോടതിയെ സമീപിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബില്ല് ഭഗണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ നിലപാട് അംഗീകരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വേദികളിലൂടെ കേന്ദ്രത്തിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കും. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്, പക്ഷേ പരിധി വിടാന്‍ പാടില്ല. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോവാള്‍ക്കാറുടെയും മോഹമാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com