ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്ക് ഒപ്പമാണ് ഈ നാട്; വിരട്ടല്‍ ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി: കെ സുരേന്ദ്രന് റഹീമിന്റെ മറുപടി

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്ക് ഒപ്പമാണ് ഈ നാട്; വിരട്ടല്‍ ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി: കെ സുരേന്ദ്രന് റഹീമിന്റെ മറുപടി

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 'കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൗരത്വ ഭേദഗതി ബില്‍  'മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍' എന്നായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന ഒരു നയത്തിനും കൂട്ടുനില്‍ക്കില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 


കെ സുരേന്ദ്രന്  എ എ റഹീമിന്റെ മറുപടി ഇങ്ങനെ: 

വിരട്ടല്‍ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. 'അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം' എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍. അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല.

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

കേരളം വേറെ ലെവലാണ് മിസ്റ്റര്‍. കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്.

നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ... ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ...

രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍.!!.
വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com