ജില്ലാ സഹകരണബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം വാങ്ങാനാകില്ല, നിലവിലുള്ള നിക്ഷേപം ആറുമാസത്തിനുള്ളിൽ മടക്കിനൽകാനും നിർദേശം 

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്
ജില്ലാ സഹകരണബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം വാങ്ങാനാകില്ല, നിലവിലുള്ള നിക്ഷേപം ആറുമാസത്തിനുള്ളിൽ മടക്കിനൽകാനും നിർദേശം 

തിരുവനന്തപുരം: പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാ സഹകരണബാങ്കുകളുടെ അനുമതി റിസർവ് ബാങ്ക് റദ്ദാക്കി. കേരളബാങ്ക് രൂപവത്കരിച്ചതോടെ ജില്ലാ സഹകരണബാങ്കുകൾക്ക് അനുവദിച്ച ലൈസൻസുകൾ റിസർവ്ബാങ്ക് പുനഃപരിശോധിക്കുന്നതിന്റെ ഭ‌ാ​ഗമായാണിത്. പ്രവാസി നിക്ഷേപം വാങ്ങാൻ അനുമതിയുണ്ടായിരുന്ന കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്. 

കോഴിക്കോട് ജില്ലാബാങ്കിൽ 90 കോടി രൂപ പ്രവാസി നിക്ഷേപമാണ് നിലവിലുള്ളത്. ഇത് അടുത്ത ആറുമാസത്തിനുള്ളിൽ തിരികെനൽകണമെന്നാണ് നിർദേശം. പുതിയ നിക്ഷേപം വാങ്ങാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. 

സംസ്ഥാന സഹകരണബാങ്കിന്റെ പ്രവർത്തനമികവ് അനുസരിച്ചുമാത്രമേ കേരളബാങ്കിന് ആധുനിക ബാങ്കിങ് ലൈസൻസുകൾ നിലനിർത്താനാവൂ എന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ലൈസൻസിലാണ് കേരളബാങ്ക് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണിത്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നൽകാനാവില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. 

അവസാന മൂന്നുവർഷം തുടർച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവർഷം ഓഡിറ്റ് സർട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാർഡിന്റെ പരിശോധനാറിപ്പോർട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസൻസ് അനുവദിക്കുന്നതിന് റിസർവ്ബാങ്ക് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ. ഇതിൽ  മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം എന്നതു മാത്രമാണ് കേരളാബാങ്കിന് ഇപ്പോൾ പാലിക്കാനാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com