വ്യാജനില്ലാത്ത ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിക്ക് : 'ഓപ്പറേഷന്‍ രുചി'യുമായി സര്‍ക്കാര്‍

പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്
വ്യാജനില്ലാത്ത ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിക്ക് : 'ഓപ്പറേഷന്‍ രുചി'യുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള  കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന്‍ രുചി (RUCHI- Restrictive Use of Chemical and Hazardous Ingredients) എന്ന പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നു. സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്നത് ഉറപ്പാക്കാനായി ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവല്‍സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ പരിശോധിക്കുന്നതാണ്. ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഉത്സവവേളകളില്‍ മധുരപലഹാരങ്ങളും ബേക്കറി ഉല്‍പ്പന്നങ്ങളും കൂടുതലായി വിറ്റഴിക്കപ്പെടാറുണ്ട്. ഇത്തരം മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്നതും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നതും ഇവ ചേര്‍ത്ത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരീക്ഷിക്കുന്നതാണ്. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com