പുലര്‍ച്ചെ വൈപ്പിനില്‍ നിരോധനാജ്ഞ; എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചു, നീക്കം വന്‍ പൊലീസ് സന്നാഹത്തോടെ

എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാര്‍ഡ് ഒഴിച്ച്, 13 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും കോര്‍പ്പറേഷന്റെ ഒന്നാം ഡിവിഷനില്‍പ്പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ
പുലര്‍ച്ചെ വൈപ്പിനില്‍ നിരോധനാജ്ഞ; എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചു, നീക്കം വന്‍ പൊലീസ് സന്നാഹത്തോടെ

വൈപ്പിന്‍: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി സംഭരണ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. സമരസമിതിയുടെ ഭാഗത്ത് നിന്നുമുണ്ടാവാന്‍ സാധ്യതയുള്ള പ്രതിഷേധം കണക്കിലെടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ കളക്ടര്‍ എളങ്കുന്നപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ഐജിയുടേയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടേയും നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസുകാരാണ് സുരക്ഷയ്ക്കായി എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട യന്ത്രങ്ങളും തൊഴിലാളികളും രാത്രി തന്നെ ഇവിടെ എത്തിയിരുന്നു. 

എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാര്‍ഡ് ഒഴിച്ച്, 13 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും കോര്‍പ്പറേഷന്റെ ഒന്നാം ഡിവിഷനില്‍പ്പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത മുന്‍പില്‍ കണ്ട് കൊച്ചി കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമരസമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കി. പദ്ധതി പ്രദേശത്തെ ഗേറ്റിന് മുന്‍പിലുള്ള റോഡ് പൂര്‍ണമായും മറയ്ക്കുന്ന വിധം പൊലീസ് ബാരിക്കേഡികള്‍ സ്ഥാപിച്ചു. രണ്ടായിരത്തോളം പൊലീസുകാരെ ഞായറാഴ്ച വൈകീട്ടു തന്നെ കൊച്ചിയില്‍ സജ്ജരാക്കി നിര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com