ഭർത്താക്കന്മാരെ മേലുദ്യോ​ഗസ്ഥൻ പീഡിപ്പിക്കുന്നു; പൊലീസ് ഓഫീസർമാരുടെ ഭാര്യമാർ പരാതിയുമായി വനിതാ കമ്മീഷനിൽ

ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാലും ഭർത്താക്കന്മാർ വിഷാദത്തിലാണെന്നാണ് ഭാര്യമാർ നൽകിയ പരാതിയിൽ പറയുന്നത്
ഭർത്താക്കന്മാരെ മേലുദ്യോ​ഗസ്ഥൻ പീഡിപ്പിക്കുന്നു; പൊലീസ് ഓഫീസർമാരുടെ ഭാര്യമാർ പരാതിയുമായി വനിതാ കമ്മീഷനിൽ

കാസർകോട്; പൊലീസ് ഉദ്യോ​ഗസ്ഥന്മാരായ ഭർത്താക്കന്മാരെ മേലുദ്യോ​ഗസ്ഥൻ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഭാര്യമാർ. 12 ഉദ്യോ​ഗസ്ഥരുടെ ഭാര്യമാരാണ് വനിതാ കമ്മിഷന് പരാതി നൽകിയത്. കാസർകോട് പോലീസിലെ വാർത്താവിനിമയവിഭാഗം ഇൻസ്പെക്ടർക്കെതിരേയാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാലും ഭർത്താക്കന്മാർ വിഷാദത്തിലാണെന്നാണ് ഭാര്യമാർ നൽകിയ പരാതിയിൽ പറയുന്നത്. 

തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഈസാഹചര്യത്തിൽ പരാതിയെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡി.ശില്പയ്ക്ക് കമ്മിഷൻ നിർദേശം നൽകി. ജനുവരി 24-ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ ഇൻസ്പെക്ടറോട് നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓഫീസിൽ എസ്.ഐ.മാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്.

പരാതിക്കാരിൽ ആറുപേർ തിങ്കളാഴ്ച ഹാജരായി മൊഴിനൽകി. ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും ഭർത്താവിനെ വീട്ടിൽപ്പോകാനനുവദിച്ചില്ലെന്നും സമയത്തിന് ആസ്പത്രിയിലെത്തിക്കാൻ കഴിയാഞ്ഞതിനാൽ ഭർതൃപിതാവ് മരിച്ചെന്നും ഒരാൾ മൊഴിനൽകി. സോജൻ എന്ന പോലീസുകാരനെതിരേ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞ് മുകളിലേക്ക് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്ത് പരിശീലനത്തിനയച്ചു. പരിശീലനത്തിനിടെ പരിക്കേറ്റ സോജൻ മരിച്ചു. പീഡനം സഹിക്കാനാകാതെ രണ്ടുപേർ സ്ഥലംമാറ്റംവാങ്ങി പോയി. ജോലികഴിഞ്ഞ് വീട്ടിൽ വന്നാലും ഭർത്താക്കൻമാർ കടുത്ത വിഷാദത്തിലാണ്. ഉറക്കമില്ലായ്മയുണ്ട്. ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നതും പതിവാണെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ സേന എന്നനിലയ്ക്ക് ജോലിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് ചിലർ തനിക്കെതിരേ പരാതിപ്പെട്ടതെന്ന് ഇൻസ്പെക്ടർ പ്രതികരിച്ചു. മേലുദ്യോഗസ്ഥർക്ക് പലതവണ ഇവർ പരാതി നൽകിയിരുന്നെങ്കിലും അന്വേഷിച്ച് കഴമ്പില്ലെന്ന്‌ കണ്ടെത്തിയിരുന്നു. പൊലീസിൽ ഏറ്റവും അത്യാവശ്യരേഖയായ ജനറൽ ഡയറി എഴുതുന്നതിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരേ റിപ്പോർട്ട് നൽകാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com