വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഉലകനായകന്‍; മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

പൗരത്വ നിയമഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞു
വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഉലകനായകന്‍; മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

ചെന്നൈ:പൗരത്വ നിയമഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ക്യാംപസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം. വിദ്യാര്‍ഥികള്‍ക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡിഎംകെ. വിചാരിച്ചിരുന്നെങ്കില്‍ ബില്‍ പാസ്സാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാര്‍ഥികള്‍ ക്യാംപസിനകത്തുണ്ട്. അവര്‍ക്ക് പിന്തുണയുമായാണ് ഞാനെത്തുന്നത്. വിദ്യാര്‍ഥികളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസ് പറയുന്നത്. ഞാന്‍ എന്നെ ഒരു വിദ്യാര്‍ഥിയായിട്ടാണ് കാണുന്നത്. മരണം വരെ ഞാന്‍ എന്നെ വിദ്യാര്‍ഥിയെന്ന് വിളിക്കും. പാര്‍ട്ടി ആരംഭിച്ചില്ലെങ്കിലും ഇല്ലെങ്കിലും ഞാന്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ഒരു പാര്‍ട്ടി ആരംഭിച്ചതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകേണ്ടത് എന്റെ കടമയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ശബ്ദമുയരുകയാണ്. അവരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്‍ഹാസന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 23 വരെ സര്‍വകലാശാലയ്ക്ക് രജിസ്ട്രാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ചൊവ്വാഴ്ച പൊലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്. ഇതിനിടെ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കറ്റ് അംഗവും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com