ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യ സമാഹാരത്തിനാണ് മധുസൂദനനന്‍ നായര്‍ക്ക് പുരസ്‌കാരം
ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യ സമാഹാരത്തിനാണ് മധുസൂദനനന്‍ നായര്‍ക്ക് പുരസ്‌കാരം. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിന് ശശി തരൂര്‍ എംപി പുരസ്‌കാരത്തിനര്‍ഹനായി. 

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച്  ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന്‍ മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ബ്രിട്ടീഷ് കോളനി വാഴ്ച ഇന്ത്യയ്ക്കു ഗുണം ചെയ്‌തെന്ന വാദങ്ങളെ തള്ളുന്ന 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്: ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകമാണ് തരൂരിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. 

ഡോ. ചന്ദ്രമതി, എന്‍എസ്. മാധവന്‍, പ്രൊഫ. എം തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാള വിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജിഎന്‍. ദേവി, പ്രൊഫ. കെ സച്ചിദാനന്ദന്‍, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്. 

ഇതടക്കം 23 ഭാഷകളിലെ പുരസ്‌കാരമാണ്  സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. നന്ദ കിഷോര്‍ ആചാര്യ( ഹിന്ദി ), ചോ. ദര്‍മന്‍( തമിഴ്), ബണ്ടി നാരായണ സ്വാമി( തെലുങ്ക്), ചിന്മോയ് ഗുഹ( ബംഗാളി) തുടങ്ങിയവരും പുരസ്‌കാരത്തിനര്‍ഹമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com