മംഗലാപുരത്ത് മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു; റിപ്പോര്‍ട്ടിങിന് വിലക്ക്; കാമറ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം; പ്രതിഷേധം

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ 
മംഗലാപുരത്ത് മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു; റിപ്പോര്‍ട്ടിങിന് വിലക്ക്; കാമറ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം; പ്രതിഷേധം

ബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ഇന്നലെ രാത്രി മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ  പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഞായറാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച മംഗളൂരു കമ്മിഷണറേറ്റ് പരിസരം കനത്ത പൊലീസ് സുരക്ഷയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച  വെന്‍ലോക് ആശുപത്രിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. മലയാളി മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയതായും ക്യാമറകള്‍ പിടിച്ചുവാങ്ങിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഡിജിപി ലോക്‌നാഥ് ബഹ്‌റ കര്‍ണാടക ആഭ്യന്തരസെക്രട്ടറിയുമായി സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കുമെന്ന് ഉറപ്പ് നല്‍കിയതായി ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. 

ദക്ഷിണ കന്നഡ ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ തുറന്ന പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ പൊലീസ് അടപ്പിച്ചു. കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. കാസര്‍കോട്ടുനിന്നുള്ള സ്വകാര്യബസുകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ 48 മണിക്കൂര്‍  മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തിലടക്കം കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തജക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെത്താനിടയുള്ള ടൗണ്‍ ഹാള്‍,  മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. വെടിവയ്്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ  നാലുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

പൗരത്വ നിയമ  ഭേദഗതിക്കെതിരെ രാജ്യത്ത് ഇന്നും പ്രതിഷേധങ്ങള്‍ തുടരുകയാണ്.  ഇന്ത്യ ഗേറ്റില്‍ വൈകിട്ട് 5 മണിക്ക് വിവിധ സംഘടനകള്‍ ഒത്തുചേരും. കോണ്‍ഗ്രസ് ഇന്നും നാളെയും ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ മാര്‍ച്ച് നടത്തും. പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ വിവിധയിടങ്ങളില്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. 

വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലക്‌നൗ, പ്രയാഗ്‌രാജ്, ഗാസിയാബാദ് , മീററ്റ്, ബറേലി, പിലിബിത്ത്  എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ പ്രതിഷേധത്തെത്തുടര്‍ന്ന്  വിച്ഛേദിച്ച മൊബൈല്‍ ഇന്റര്‍നെറ്റ്  സേവനങ്ങള്‍ പുനസ്ഥാപിച്ചു. നാളെ ആര്‍ജെഡി ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.  അതിനിടെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് ജാമിയ മിലിയയിലെ വിദ്യാര്‍ഥികളുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com