കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍  ക്രോസ് വോട്ടിങ് ; സിപിഎമ്മിന് അട്ടിമറി ജയം ; കോണ്‍ഗ്രസ് ഞെട്ടലില്‍

നഗരാസൂത്രണ സ്ഥിരം സമിതി അംഗ തെരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലറായ ഒ പി സുനില്‍ ആണ് അട്ടിമറി വിജയം നേടിയത്
കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍  ക്രോസ് വോട്ടിങ് ; സിപിഎമ്മിന് അട്ടിമറി ജയം ; കോണ്‍ഗ്രസ് ഞെട്ടലില്‍

കൊച്ചി : കൊച്ചി കോര്‍പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി അംഗത്തിന്റെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിന്റെ രണ്ട് കൗണ്‍സിലര്‍മാര്‍ വോട്ട് ഇടതുസ്ഥാനാര്‍ത്ഥിക്ക് ചെയ്തതും, മുതിര്‍ന്ന കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതുമാണ് യുഡിഎഫിന് തിരിച്ചടിയായത്.

നഗരാസൂത്രണ സ്ഥിരം സമിതി അംഗ തെരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലറായ ഒ പി സുനില്‍ ആണ് അട്ടിമറി വിജയം നേടിയത്. നഗരാസൂത്രണ സ്ഥിരം സമിതിയുടെ അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടു മത്സരിച്ച കോണ്‍ഗ്രസിലെ ഡെലീന പിന്‍ഹീറോയാണ് തോറ്റത്. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍  കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഗീത പ്രഭാകരന്‍, ജോസ് മേരി എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലറായ ഡേവിഡ് പറമ്പിത്തറ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താതെ അസാധുവാക്കുകയും ചെയ്തു.

ഇതോടെ, സുനിലിന് 35 വോട്ടും ഡെലീനയ്ക്ക് 33 വോട്ടും ലഭിച്ചു. 74 അംഗ കൗണ്‍സിലില്‍ എംഎല്‍എയായ ടി.ജെ.വിനോദ് രാജിവച്ച ഒരു ഒഴിവ് ഒഴികെ 73 അംഗങ്ങളാണുള്ളത്. ഇതില്‍ രോഗബാധിതനായ എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ എം ഹംസകുഞ്ഞ് എത്തിയില്ല. കോണ്‍ഗ്രസിലെ ജലജാമണി വൈകിയെത്തിയതു മൂലം വോട്ടെടുപ്പില്‍ പങ്കെടുക്കാനും കഴിഞ്ഞിരുന്നില്ല. രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പിനെത്തിയെങ്കിലും വോട്ട് ചെയ്യാതെ വിട്ടു നിന്നു.

മേയര്‍ സ്ഥാനത്തു നിന്നു സൗമിനി ജെയിനെ മാറ്റാനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത തോല്‍വി. സൗമിനിയെ മാറ്റിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് നേരത്തെ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നവരാണ് എല്‍ഡിഎഫിന് വോട്ട് ചെയ്ത ഗീതാ പ്രഭാകരനും ജോസ് മേരിയും. സൗമിനി ജെയിനിന്റെ രാഷ്ട്രീയ ഗുരു സ്ഥാനത്തുള്ള വ്യക്തിയാണ് വോട്ട് അസാധുവാക്കിയ ഡേവിഡ് പറമ്പിത്തറ.

അട്ടിമറി വിജയത്തോടെ നഗരാസൂത്രണ സ്ഥിരം സമിതിയും എല്‍ഡിഎഫിനു സ്വന്തമായി. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളും എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ചേരിപ്പോര് തുടര്‍ന്നാല്‍ ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള സ്ഥിരം സമിതികളും യുഡിഎഫിന് നഷ്ടമാവുന്ന സാഹചര്യമാണ്. മേയര്‍ സ്ഥാനമാറ്റത്തിന് കളമൊരുക്കാനായി പാര്‍ട്ടിയോട് പോലും ആലോചിക്കാതെ ഡെലീന പിന്‍ഹീറോ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത് കോണ്‍ഗ്രസിനുള്ളിലും അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മേയര്‍ മാറ്റ നീക്കത്തിന്റെ തുടര്‍ച്ചയായാണു സ്ഥിരം സമിതി അധ്യക്ഷന്‍മാരെയും മാറ്റാനായി നിലവിലുള്ളവരോട് രാജിവയ്ക്കാന്‍ ഡിസിസി നിര്‍ദേശിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തുള്ള നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ വികസന കാര്യ സമിതി അധ്യക്ഷ ഗ്രേസി ജോസഫ് ഒഴികെ എല്ലാവരും രാജിവച്ചു. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാജിവയ്ക്കുമെന്നാണ് ഗ്രേസി ജോസഫ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി കൂടി നഷ്ടമായ പുതിയ സാഹചര്യത്തില്‍ ഇനി താന്‍ രാജിവയ്ക്കില്ലെന്ന് ഗ്രേസി വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ധനകാര്യ സ്ഥിരം സമിതി അംഗത്വ തിരഞ്ഞെടുപ്പിലും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂറുമാറി വോട്ട് ചെയ്തതു മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. നികുതിഅപ്പീല്‍ കാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിക്കാത്തതിനാല്‍  യുഡിഎഫിന്റെ ജോണ്‍സണ്‍ പാട്ടത്തില്‍ (കേരള കോണ്‍ഗ്രസ്എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണക്കാരായ കോണ്‍ഗ്രസ് അംഗങ്ങളായ ജോസ് മേരി, ഡേവിഡ് പറമ്പിത്തറ, ജലജാമണി എന്നിവര്‍ക്ക് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡേവിഡ് പറമ്പിത്തറയെ എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. വിമതയായി മല്‍സരിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയ ഗീത പ്രഭാകരന്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com