അധ്യാപകനെ കാമ്പസില്‍വച്ചു തല്ലുമെന്ന് ഭീഷണി; യൂണിവേഴ്‌സിറ്റി കൊളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

കൊളജിലുണ്ടായ എസ്എഫ്‌ഐ സമരത്തിനെതിരേ മൊഴി നല്‍കിയതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്
അധ്യാപകനെ കാമ്പസില്‍വച്ചു തല്ലുമെന്ന് ഭീഷണി; യൂണിവേഴ്‌സിറ്റി കൊളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം; അധ്യാപകനെ കാമ്പസിനുള്ളില്‍വെച്ച് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യൂണിവേഴ്‌സിറ്റി കൊളജ് വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ബിഎ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എഎല്‍ ചന്തുവിനെയാണ് കൊളജ് സ്റ്റാഫ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. 

യൂണിവേഴ്‌സിറ്റി കൊളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. എസ് ബാബുവാണ് ഭീഷണി നേരിട്ടത്. കൊളജിലുണ്ടായ എസ്എഫ്‌ഐ സമരത്തിനെതിരേ മൊഴി നല്‍കിയതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്റ്റാഫ് റൂമില്‍ എത്തി ചന്തു അധ്യാപകനെ ഭീഷണിപ്പെടുത്തിയത്. ക്യാപസിന് പുറത്തോ വേണ്ടിവന്നാല്‍ അകത്തുവെച്ചോ തല്ലുമെന്നായിരുന്നു ഭീഷണി. 

നവംബര്‍ 18ന് കൊളജ് ഗേറ്റ് അടച്ച് എസ്എഫ്‌ഐ നടത്തിയ സമരത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്തു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരേ 
ഡോ. ബാബു മൊഴി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ രണ്ടിന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബാബുവിന്റെ ബൈക്ക് നശിപ്പിക്കുകയും ഗണിതശാസ്ത്ര വിഭാഗത്തിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയും ബാബു പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com